ട്വന്റി20 ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ ശ്രീലങ്ക പുറത്ത്. നിര്‍ണായക മല്‍സരത്തില്‍ ന്യൂസീലന്‍ഡിനോട് 61 റണ്‍സിന് തോറ്റു. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമാണ് നേടാനായത്. 59 റണ്‍സെടുക്കുന്നതിനിടെ ആറുവിക്കറ്റ് നഷ്ടമായിരുന്നു. രചിന്‍ രവീന്ദ്ര നാലുവിക്കറ്റും മാറ്റ് ഹെന്‍റി രണ്ടുവിക്കറ്റും നേടി. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡിന്റെ മധ്യനിര തകർന്നടിഞ്ഞപ്പോൾ നായകൻ മിച്ചൽ സാന്റ്നറുടെയും കോൾ മക്കോണ്‍കിയുടെയും പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒരു ഘട്ടത്തിൽ രണ്ടിന് 75 റൺസെന്ന നിലയിലായിരുന്ന ന്യൂസീലൻഡ്, ആറിന് 84 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇതിനിടെ ഒരു റൺ പോലും കൂട്ടിച്ചേർക്കാതെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. 26 പന്തിൽ 47 റൺസെടുത്ത സാന്റനറും 23 പന്തിൽ 31 റൺസെടുത്ത മക്കോണ്‍കിയും ചേർന്നാണ് ടീമിനെ രക്ഷിച്ചത്
ന്യൂസീലൻഡ് ഇന്നിങ്സിന്റെ 16–ാം ഓവർ വരെ മത്സരം ശ്രീലങ്കയുടെ കൈപ്പിടിയിലായിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് കൈവിട്ടു പോയ കടിഞ്ഞാൺ ഒരിക്കൽ പോലും തിരിച്ചുപിടിക്കാൻ ലങ്കയ്ക്കായില്ല.
നാല് വിക്കറ്റ് വീഴ്ത്തിയ രചിൻ രവീന്ദ്ര, 2 ഓവറിൽ 3 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്ററി, തകർപ്പൻ ബാറ്റിങ്ങുമായി ന്യൂസീലൻഡ് ഇന്നിങ്സിനെ കരകയറ്റിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (26 പന്തിൽ 47), കോൾ മക്കോഞ്ചി (23 പന്തിൽ 31*) എന്നിവരാണ് കിവീസിന്റെ വിജയശിൽപികൾ. സൂപ്പർ എട്ടിൽ തുടർച്ചയായ രണ്ടാം തോൽവിയോടെ ലോകകപ്പിൽനിന്ന് ശ്രീലങ്ക പുറത്തായി. സൂപ്പർ എട്ട് ടീമുകളിൽ, ടൂർണമെന്റിൽനിന്നു പുറത്താകുന്ന ആദ്യ ടീമാണ് ലോകകപ്പ് സഹആതിഥേയരായ ശ്രീലങ്ക. ജയത്തോടെ ന്യൂസീലൻഡ് സെമി സാധ്യത സജീവമാക്കി. കിവീസിന്റെ ജയത്തോടെ പാക്കിസ്ഥാന്റെ കാര്യവും പരുങ്ങലിലായി.
ടോസ് നേടി, കിവീസിനെ ബാറ്റിങ്ങിനു വിട്ട ശ്രീലങ്കയ്ക്ക് ആശിച്ച തുടക്കമാണ് ലഭിച്ചത്. പവർപ്ലേയിൽ തന്നെ ഓപ്പണർമാരായ ടിം സീഫെർട്ട് (9 പന്തിൽ 8), ഫിൻ അലൻ (13 പന്തിൽ 23) എന്നിവരെ കിവീസിനു നഷ്ടമായി. മൂന്നാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സ് (18 പന്തിൽ 18), രചിന്‍ രവീന്ദ്ര (22 പന്തിൽ 32) സഖ്യം 41 റൺസ് കൂട്ടിച്ചേർത്തെങ്കിലും 10–ാം ഓവറിൽ ഫിലിപ്സിനെ വീഴ്ത്തി ദുഷ്മന്ത ചമീര ആ കൂട്ടുകെട്ട് തകർത്തു. പിന്നീട് അധികം വൈകാതെ രചിൻ, ഡാരിൽ മിച്ചൽ (7 പന്തിൽ 3), മാർക് ചാപ്മാൻ (0) എന്നിവരും വീണതോടെ 12.1 ഓവറിൽ 6ന് 84 എന്ന നിലയിലേക്ക് വീണു.
തുടർന്നാണ് ഏഴാം വിക്കറ്റിൽ ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ– കോൾ മക്കോഞ്ചി സഖ്യം ഒന്നിക്കുന്നത്. 16–ാം ഓവർ വരെ വിക്കറ്റ് പോകാതെ കാത്ത ഇരുവരും പിന്നീട് കളം നിറഞ്ഞതോടെ അതുവരെ മത്സരത്തിലുണ്ടായിരുന്ന ‘പിടി’ ശ്രീലങ്ക കൈവിട്ടു. അവസാന നാല് ഓവറിൽ 70 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 17–ാം ഓവറിൽ 18, 18–ാം ഓവറിൽ 21, 19–ാം ഓവറിൽ 19, 20–ാം ഓവറിൽ 12 എന്നിങ്ങനെയായിരുന്നു റണ്ണൊഴുക്ക്. ഇന്നിങ്സിന്റെ അവസാന പന്തിൽ സാന്റ്നർ പുറത്താകുമ്പോൾ കിവീസ് ‘സേഫ്’ സ്കോറായ 168ൽ എത്തിയിരുന്നു. 6ന് 86ൽ നിന്ന് 7ന് 168.
മറുപടി ബാറ്റിങ്ങിൽ, ആദ്യ പന്തിൽ തന്നെ ഇൻഫോം താരമായ ഓപ്പണർ പാത്തും നിസ്സങ്കയുടെ ‘കുറ്റി’ മാറ്റ് ഹെന്ററി തെറിപ്പിച്ചു. ആ ഞെട്ടലിൽനിന്ന് പിന്നീട് ഒരിക്കൽ പോലും തിരിച്ചുവരാൻ ലങ്കയ്ക്കായില്ല. 29 പന്തിൽ 31 റൺസെടുത്ത കമിന്ദു മെൻഡിസാണ് അവരുടെ ടോപ് സ്കോറർ. ദുനിത് വെല്ലലഗെ 29 റൺസെടുത്തു. കുശാൽ മെൻഡിസ് (11), പവൻ രത്നനായകെ (10) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. നാാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ രചിൻ രവീന്ദ്രയാണ് ലങ്കൻ ഇന്നിങ്സിനെ ചുരുട്ടിക്കെട്ടിയത്. മാറ്റ് ഹെന്ററി 2 ഓവറിൽ മൂന്നു റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.