Image Credit:AFP
ട്വന്‍റി 20 ലോകകപ്പിലെ മല്‍സരത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈ കൊടുക്കാന്‍ പാക് താരങ്ങള്‍ കാത്തു നില്‍ക്കുന്ന വിഡിയോ പുറത്ത്. ഷഹീന്‍ അഫ്രീദിയും ഉസ്മാന്‍ താരിഖുമാണ് പ്രേമദാസ സ്റ്റേഡിയത്തില്‍ കളി കഴിഞ്ഞ് കുറച്ച് നേരം തുടര്‍ന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധിക്കാതിരുന്നതോടെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു. ഏഷ്യാക്കപ്പ് മുതലാണ് ഇന്ത്യ പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാതിരിക്കാന്‍ തുടങ്ങിയത്. കൊളംബോയിലും ഹസ്തദാനം ഉണ്ടാവില്ലെന്ന് കളി തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിസിസിഐ ഉന്നതന്‍ വെളിപ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബിസിസിഐയുടെ തീരുമാനപ്രകാരം മല്‍സരം പൂര്‍ത്തിയായ ശേഷം താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും പാക് താരങ്ങള്‍ക്ക് ഹസ്തദാനംചെയ്തില്ല. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ കുടുംബത്തോടും ഇന്ത്യന്‍ സൈന്യത്തോടുമുള്ള ആദരവെന്നോണമാണ് കൈ കൊടുക്കാത്തതെന്ന് ഏഷ്യാക്കപ്പില്‍ സൂര്യകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
അവസാന വിക്കറ്റും വീണ ശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് പാക് താരങ്ങള്‍ ഇന്ത്യന്‍ ടീം അംഗങ്ങളെ ഹസ്തദാനം ചെയ്യാനെന്നോണം നോക്കി നിന്നത്. എന്നാല്‍ ഇന്ത്യ ആഘോഷം ആരംഭിച്ചിരുന്നു. ഇതോടെ തിരിഞ്ഞു നോക്കിയ ശേഷം ഇരുവരും സ്റ്റേഡിയം വിട്ടു. ഇന്ത്യ–പാക് മല്‍സരത്തിന് മുന്‍പും ഹസ്തദാനം വിഷയമായിരുന്നു. ക്രിക്കറ്റിന്‍റെ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് ഹസ്തദാനത്തിന് ഇന്ത്യ തയാറാവണമെന്ന് പല മുന്‍താരങ്ങളും പാക്കിസ്ഥാനും ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാം, പിന്നെ ഹസ്തദാനത്തിന് മാത്രം എതിരാകുന്നതെന്തിനാണ്? ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല എന്നെല്ലാം സമൂഹമാധ്യമങ്ങളിലും മുന്‍താരങ്ങളും അഭിപ്രായം ഉയര്‍ന്നിരുന്നു. സ്പോര്‍ട്സ് രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ ഭേദിച്ച് മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒന്നാണെന്നും അതില്‍ വിദ്വേഷം കലര്‍ത്തരുതെന്നും ചിലര്‍ കുറിച്ചു.