ഇന്ത്യയ്ക്കെതിരായ വമ്പന്‍ പരാജയത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ മൊഹ്സിന്‍ നഖ്‍വിയെ വിമര്‍ശിച്ച് മുന്‍ താരം ഷോയിബ് അക്തര്‍. വര്‍ഷങ്ങളായുള്ള മോശം തീരുമാനങ്ങളും തെറ്റായ നേതൃത്വവുമാണ് ടീമിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് അക്തര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍‍ഡ് അധ്യക്ഷന്‍ മൊഹ്സിന്‍ നഖ്‍വി കഴിവില്ലാത്തവന്‍ ആണെന്നും അക്തര്‍ വിമര്‍ശിച്ചു. 

 

ഒന്നുമറിയാത്ത ഒരാളാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അധ്യക്ഷന്‍. എന്തു ചെയ്യാന്‍ കഴിയും, എങ്ങനെ ടീമിനെ നയിക്കും? എന്നാണ് അക്തറിന്‍റെ ചോദ്യം.  ഒരു മത്സരം പോലും വിജയിപ്പിക്കാന്‍ സാധിക്കാത്ത കളിക്കാരനെയാണ് സൂപ്പര്‍ താരമാക്കിയതെന്നും അക്തര്‍ പറഞ്ഞു. കഴിവില്ലാത്തവര്‍ക്ക് ജോലി നല്‍കുന്നതാണ് ലോകത്തെ ഏറ്റവും വലിയ ക്രൂരതയെന്നും നഖ്‍വിയെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു. വർഷങ്ങളായി കഴിവുകൾക്കായി നിക്ഷേപിക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടുവെന്നും ഉയർന്ന തലത്തിൽ ഇന്ത്യയുമായി മത്സരിക്കാൻ ഇനി കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

''മത്സരത്തില്‍ ഞങ്ങള്‍ എവിടെയും ഉണ്ടായിരുന്നില്ല. ഷഹീന്‍ 125 വേഗതയിലാണ് പന്തെറിഞ്ഞത്. ഇന്നത്തെ ക്രിക്കറ്റിന് ഇതല്ല വേണ്ടത്. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാാന്‍ പറ്റുന്ന താരങ്ങളില്ല. കഴിഞ്ഞ 10-15 വര്‍ഷമായി ഒരു നിക്ഷേപവും ക്രിക്കറ്റില്‍ നടത്തിയില്ല. ഒരു കാലത്ത് ഇന്ത്യയോട് ഗ്രൗണ്ടില്‍ പോരടിച്ചിടത്ത് നിന്നും ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് സ്വപ്നം പോലും കാണാന്‍ പറ്റാത്ത സ്ഥിതിയാണ്''  എബിപി ന്യൂസിനോട് പറഞ്ഞു. 

 

61 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റത്. ഇഷാന്‍ കിഷന്‍റെ 40 പന്തില്‍ 77 റണ്‍സ് പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായി. സൂര്യ കുമാര്‍ 29 പന്തില്‍ 32 റണ്‍സെടുത്തു. ശിവം ദുബൈ (17 പന്തില്ഡ 27) അവസാന ഓവറുകളില്‍ നടത്തിയ മികച്ച ഷോട്ടുകളാണ് ഇന്ത്യന്‍ സ്കോര്‍ 175 ല്‍ എത്തിച്ചത്.  പാക്കിസ്ഥാനായി സലിം അയൂബ് മൂന്നു വിക്കറ്റെടുത്തു. തിരിച്ചടിയില്‍ പാടെ തകര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, അകസര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

ENGLISH SUMMARY:

Shoaib Akhtar criticizes Pakistan cricket's poor decisions and leadership after their loss to India in the World Cup. He specifically blames PCB Chairman Mohsin Naqvi for being incompetent, highlighting a lack of investment in talent over the years.