ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശർമ റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയുടെ ആദ്യ ഓവറിലെ പന്തിൽ ഷഹീൻ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. എന്നാല്‍ പതറാതെ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. 40 പന്തിൽ 77 റൺസടിച്ചാണ് താരം പുറത്തായത്. 27 പന്തുകളിൽ നിന്നാണ് ഇഷാൻ 50 തികച്ചത്. സ്കോർ 88ൽ നിൽക്കെ സയിം അയൂബിന്റെ പന്തിൽ ഇഷാൻ ബോൾഡായി മടങ്ങി. മൂന്നു സിക്സുകളും പത്തു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
Also Read: വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷ എഴുതില്ല; കാരണം ഇങ്ങനെ
പവർപ്ലേയിൽ ഇന്ത്യ മികച്ച സ്കോറാണ് നേടിയത്. പവർപ്ലേയിലെ ആറോവറിൽ അഞ്ചും എറിഞ്ഞത് സ്പിന്നർമാരായിരുന്നു. കൊളംബോയിലെ സ്പിൻ പിച്ചിന്റെ ആനുകൂല്യം തുടക്കത്തിൽ തന്നെ മുതലാക്കാനായിരുന്നു പാക്ക് ടീമിന്റെ ശ്രമം. എന്നാൽ അധികം പരുക്കില്ലാതെ ഇന്ത്യ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 25 റണ്‍സെടുത്ത തിലക് വര്‍മയും 32 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ശിവം ദുബൈയും മോശമല്ലാത്ത പ്രകടനം നടത്തി. 17 പന്തുകളില്‍ നിന്നും താരം 27 റണ്‍സെടുത്ത് പുറത്തായി.
പാക്കിസ്ഥാന്‍ ബോളിങ് നിരയില്‍ സയിം അയൂബ് മൂന്നു വിക്കറ്റുകള്‍ നേടി. സല്‍മാന്‍ ആഗ, ഷഹീന്‍ ഷാ, ഉസ്മാന്‍ താരീഖ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.