ബാറ്റിങില്‍ തകര്‍ത്തടിച്ചതിന് പിന്നാലെ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ട്വന്‍റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സ് ജയം. ഇന്ത്യയുടെ 209 റണ്‍സ് പിന്തുടര്‍ന്ന നമീബിയ 116 റണ്‍സിന് പുറത്തായി. തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴാതെ പിടിച്ചു നിന്നെങ്കിലും വരുണ്‍ ചക്രവര്‍ത്തിയാണ് നമീബിയയുടെ മുന്‍നിരയെ തകര്‍ത്തത്. വരുണ്‍ മൂന്ന് വിക്കറ്റെടുത്തു. നമീബിയയ്ക്കായി ഓപ്പണര്‍ ലോറൻ സ്റ്റീൻകാംപ് 29 റണ്‍സെടുത്തു.
ഓപ്പണിങില്‍ സ്റ്റീപ്കാംപും ജാൻ ഫ്രൈലിങ്കും 33 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റില്‍ ലോഫ്റ്റി ഈറ്റണുമായി സ്റ്റീംപകാംപ് 34 റണ്‍സിന്‍റെ പാര്‍ട്ണഷിപ്പ് ഉണ്ടാക്കി. ഇരുവരെയും വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതിന് ശേഷം നമീബിയയ്ക്ക് കാര്യമായി കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചില്ല.
ഇന്ത്യയ്ക്കായി അക്സര്‍ പട്ടേലും അര്‍ഷദീപും ഓരോ വിക്കറ്റെടുത്തു. അക്സര്‍ പട്ടേല്‍, ശിവം ദുബൈ, ജസ്പ്രിത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. തുടക്കത്തില്‍ തകര്‍ത്തടിച്ച ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് അവസാന ഓവറുകളില്‍ വേണ്ടത്ര വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല. 24 പന്തില്‍ 61 റണ്‍സെടുത്ത ഇഷാന്‍ കിഷനും 28 പന്തില്‍ 52 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യെയുമാണ് ടോപ്പ് സ്കോറര്‍മാര്‍. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു സിക്സോടെയാണ് അക്കൗണ്ട് തുടങ്ങിയത്.
തുടരെ മൂന്നു സിക്സറും അടുത്ത പന്തില്‍ ബൗണ്ടറിയും. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സഞ്ജു തൊട്ടടുത്ത പന്തില്‍ പുറത്തായി. എട്ടു പന്തില്‍ 22 റണ്‍സാണ് സഞ്ജു നേടിയത്. അവസാന സമയത്ത് ഹര്‍ദിക് പാണ്ഡ്യെയുടെ ബാറ്റിങാണ് ഇന്ത്യന്‍ സ്കോറിങിന് വേഗം കൂട്ടിയത്. 28 പന്തില്‍ 52 റണ്‍സാണ് ഹര്‍ദിക് നേടിയത്. ഹര്‍ദിക്– ശിവം ദുബൈ സഖ്യം 39 പന്തില്‍ 81 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയിലെ മികച്ച കൂട്ടുകെട്ടാണിത്. നമീബിയയ്ക്കായി ക്യാപ്റ്റന്‍ ഗെർഹാർഡ് ഇറാസ്മസ് നാലു വിക്കറ്റ് വീഴ്ത്തി.