Image Credit: X
ഏഷ്യാക്കപ്പില്‍ ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ ആംഗ്യം കാട്ടി വിവാദത്തിലായ ഹാരിസ് റൗഫിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. കെട്ടിടത്തിന് മുകളില്‍ നിന്ന് പട്ടം പറത്തുന്ന റൗഫിന്‍റെ വിഡിയോ പുറത്ത് വന്നതോടെയാണ് സോഷ്യല്‍ മീഡിയ 'ഏറ്റെടുത്തത്'. സഹതാരം ഹസന്‍ അലിക്കൊപ്പമായിരുന്നു റൗഫിന്‍റെ പട്ടം പറത്തല്‍. ട്വന്‍റി 20 ലോകകപ്പിനുള്ള പാക് ടീമില്‍ റൗഫ് ഇടംപിടിച്ചിരുന്നില്ല. ഏഷ്യാക്കപ്പിലെ വിമാനം വീഴ്ത്തല്‍ ആംഗ്യത്തെ തുടര്‍ന്ന് രണ്ട് മല്‍സരങ്ങളില്‍ നിന്ന് റൗഫിന് വിലക്കും ലഭിച്ചിരുന്നു. 'ശരിക്കുമുള്ള കഴിവ് പിച്ചിലല്ല, ദേ ആകാശത്താണ് എന്നായിരുന്നു ഒരാളുടെ കമന്‍റ്. 'ഇപ്പോഴാണ് ശരിക്കുമുള്ള ജോലി റൗഫും സംഘവും ചെയ്യുന്നത്' എന്നൊരാളും കുറിച്ചു. 'ബാബര്‍ അസമിനെയും ഷഹീന്‍ ഷായെയും കൂടിക്കൂട്ടിക്കോ എന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്.
ഏഷ്യാക്കപ്പ് സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെയായിരുന്നു ആരാധകര്‍ക്കിടയില്‍ നിന്ന് 'കോലി വിളി'കള്‍ ഉയര്‍ന്നപ്പോള്‍ ബൗണ്ടറി ലൈനരികെ എത്തി റൗഫ് കൈയിലെ ആറുവിരലുകള്‍ ഉയര്‍ത്തിക്കായ ശേഷം വിമാനം വീഴുന്നതായി കാണിച്ചത്. ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നായിരുന്നു പാക്കിസ്ഥാന്‍റെ വാദം. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിവുകള്‍ സഹിതം ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ട്വന്‍റി 20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീം പ്രഖ്യാപിച്ചപ്പോള്‍ പിസിബി സിലക്ഷന്‍ കമ്മിറ്റി റൗഫിനെയും മുഹമ്മദ് റിസ്വാനെയും തഴയുകയും ബാബര്‍ അസമിനെ ടീമില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. റൗഫിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ നിലവിലുള്ള പേസ് ബോളര്‍മാരുടെ കോമ്പിനേഷന്‍ മികച്ചതായതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് പാക്കിസ്ഥാന്‍ കോച്ച് മൈക്ക് ഹെസന്‍ വിശദീകരിച്ചത്. 'ഹാരിസ് റൗഫ്, വസീം ജൂനിയര്‍, അഹമ്മദ് ധനിയല്‍ എന്നിവരെയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ ഷഹീന്‍, സല്‍മാന്‍ നസീം എന്നിവര്‍ക്ക് നന്നായി തിളങ്ങാന്‍ കഴിയുമെന്ന് തോന്നിയതോടെ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കുകയായിരുന്നു'- ഹെസന്‍ വിശദീകരിച്ചു.
ട്വന്‍റി 20 നെതര്‍ലന്‍ഡ്സിനെതിരെ അവസാന ഓവറില്‍ വിയര്‍ത്താണ് പാക്കിസ്ഥാന്‍ ജയം നേടിയത്. ലോകകപ്പിനുള്ള പാക്കിസ്ഥാന്‍റെ ടീം ഇങ്ങനെ: സല്‍മാന്‍ അലി ആഗ, അബ്രാര്‍ അഹ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖ്വാജ നാഫെ, മുഹമ്മദ് നവാസ്, സല്‍മാന്‍ മിര്‍സ, നസീം ഷാ, ഷാഹിബ്സദ ഫര്‍ഹാന്‍,സയിം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഷദബ് ഖാന്‍, ഉസ്മാന്‍ ഖാന്‍, ഉസ്മാന്‍ താരിഖ്.