അടുത്തമാസം 26ന് തുടങ്ങുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി മഹേന്ദ്രസിങ് ധോണി കളിക്കാനിറങ്ങുമോ? ക്രിക്കറ്റ് ആരാധകരുടെ ചോദ്യത്തിന് അതേ എന്ന ഉത്തരവുമായി ടീം മാനേജ്മെന്റ് രംഗത്തെത്തിയിട്ടുണ്ട്. നാല്‍പത്തിനാലാം വയസിലെത്തി നില്‍ക്കുന്ന തലയുടെ വിസ്മയം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 

2008ലാണ് ധോണി ചെന്നൈയുടെ തലയായെത്തിയത്. രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഓരോ തവണയും ഐപിഎല്ലിന് മുന്‍പുയരുന്ന ചോദ്യം ധോണിയുടെ അവസാന ഐപിഎല്ലായിരിക്കുമോ ഇതെന്നായിരുന്നു. അങ്ങനെ കടന്നുപോയി ആറേഴ് ഐപിഎല്‍ സീസണുകള്‍‌. പത്തൊന്‍പതാം സീസണ്‍ തുടങ്ങുന്നതിന് ഒന്നരമാസ മുന്‍പേ ഉത്തരമെത്തി. ധോണി ഇത്തവണയും മഞ്ഞക്കുപ്പായത്തില്‍ കളിക്കും. ചെന്നൈ ടീം സി.ഇ.ഒ കാശി വിശ്വനാഥന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബൈ തുടങ്ങിയ താരങ്ങളുടെ വളര്‍ച്ചയില്‍ ധോണിയുടെ പങ്ക് വളരെ വലുതാണെന്നും സി.ഇ.ഒ വ്യക്തമാക്കി. ധോണി ചെന്നൈയ്ക്കൊപ്പം എന്നുമുണ്ടാകുമെന്നും എല്ലാ തലത്തിലും തലയുടെ സാന്നിധ്യം ഗുണകരമാണെന്നും മാനേജ്മെന്റ്. അതേസമയം, രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയ സഞ്ജു സാംസണ്‍ ഇത്തവണ ധോണിക്കൊപ്പം ക്രീസില്‍ ഒരുമിച്ചുവരുന്നത് കാത്തിരിക്കുകയാണ് മലയാളി ആരാധകര്‍.

 

സഞ്ജുവിന്റെ ആരാധകപ്പട ഗ്യാലറിയില്‍ മഞ്ഞക്കടല്‍ തീര്‍ക്കുമെന്നാണ് ചൈന്നൈയുടെ പ്രതീക്ഷ. ട്വന്റി20 ലോകകപ്പിന് പിന്നാലെ മാര്‍ച്ച് 26 മുതല്‍ മേയ് 31 വരെയാണ് ഐപിഎല്‍. അതേസമയം, വനിതാ ക്രിക്കറ്റ് ലീഗിലും ചെന്നൈ സൂപ്പര്‍ കിങ്സ് ടീം രൂപീകരണ നടപടികള്‍ തുടങ്ങിയെന്നും മാനേജ്മെന്റ് അറിയിച്ചു. 

ENGLISH SUMMARY:

MS Dhoni will play in IPL 2024 for Chennai Super Kings, ending speculation about his retirement. Team management has confirmed that the veteran player, despite his age, will don the yellow jersey again.