Image credit: X/TanujSingh
ട്വന്റി 20 ലോകപ്പില്‍ ബംഗ്ലദേശിനെ ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അനുനയിപ്പിക്കാന്‍ നടത്തിവന്ന നീക്കങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ച് ഐസിസി. സിംഗപ്പുര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായ ഇമ്രാന്‍ ഖ്വാജയെയാണ് പിസിബിയുമായി സംസാരിക്കാന്‍ ഐസിസി നേരത്തെ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ പിസിബിയുടെ ഭാഗത്ത് നിന്നും മതിയായ ആശയ വിനിമയം ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ അയയേണ്ടതില്ലെന്ന നിലപാടിലേക്ക് ഐസിസി എത്തിയെന്നാണ് റെവ്സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ലോകകപ്പ് കളിക്കുമെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാന്‍ പക്ഷേ, ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്നും വ്യക്തമാക്കി. പാക് സര്‍ക്കാരാണ് ഇക്കാര്യം പ്രസ്താവിച്ചത്. പിസിബി ഇക്കാര്യം ഇതുവരെയും ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി പാക് ടീം കൊളംബോയില്‍ എത്തുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 15ന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ–പാക് മല്‍സരം പാക്കിസ്ഥാന്‍ ബഹിഷ്കരിച്ചാല്‍ ശതകോടികളുടെ നഷ്ടമാണ് ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാവുക. ഇത് മാന്യമായി നികത്തണമെന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍ ഐസിസിയോട് ആവശ്യപ്പെടും. ഈ തുക പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കണമെന്ന് നിയമപരമായി തന്നെ ഐസിസിക്ക് ആവശ്യപ്പെടാം.അങ്ങനെയെങ്കില്‍ പിസിബിക്ക് അര്‍ഹതപ്പെട്ട 35 മില്യണ്‍ ഡോളറിന്‍റെ വാര്‍ഷിക വിഹിതം നല്‍കേണ്ടെന്ന കടുത്ത തീരുമാനം ഐസിസി കൈക്കൊണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് 35 ദശലക്ഷം ഡോളര്‍ ഒട്ടും ചെറിയ തുകയല്ല. അതുകൊണ്ട് തന്നെ പിസിബി സമ്മര്‍ദത്തിലാകുമെന്നും മല്‍സരം ബഹിഷ്കരിക്കില്ലെന്നുമാണ് വിലയിരുത്തല്‍.
വാര്‍ഷിക വരുമാന വിഹിതം ഐസിസി തടഞ്ഞാല്‍ പിസിബി അത് തര്‍ക്ക പരിഹാര സമിതിയില്‍ ചോദ്യം ചെയ്യുമെന്നാണ് പാക് തീരുമാനം. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി മുഹ്സിന്‍ നഖ്വി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഐസിസിയുടെ തീരുമാനങ്ങള്‍ സംബന്ധിച്ച പരാതി തര്‍ക്ക പരിഹാര സമിതി കേള്‍ക്കാന്‍ സാധ്യതയില്ല.
ബാലിശമാണ് പാക്കിസ്ഥാന്‍റെ വാദങ്ങളെന്നാണ് ഐസിസി ബോര്‍ഡ് അംഗങ്ങളുടെ നിലപാട്. ഐസിസി അംഗങ്ങളായ മറ്റ് ബോര്‍ഡുകള്‍ക്കും സമാന നിലപാടാണ് ഉള്ളത്. കാരണം ഇന്ത്യയിലേക്ക് ടൂര്‍ണമെന്‍റിനില്ലെന്ന പാക്കിസ്ഥാന്‍റെ നിലപാടിനെ തുടര്‍ന്നാണ് ഇരു ടീമുകള്‍ക്കും ബുദ്ധിമുട്ടില്ലാത്ത ശ്രീലങ്കയില്‍ മല്‍സരങ്ങളുടെ വേദി നിശ്ചയിച്ചത്. അതുകൊണ്ട് തന്നെ ഇനിയും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരായ മല്‍സരം ബഹിഷ്കരിക്കാന്‍ കഴിയില്ലെന്നും പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ വിടില്ലെന്ന് ഇന്ത്യ നിലപാടെടുത്തപ്പോഴും മറ്റൊരു രാജ്യത്ത് കളിക്കാന്‍ അനുവദിച്ചിരുന്നുവെന്നും ഐസിസി ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഇനിയും ബഹിഷ്കരണ ഭീഷണി മുഴക്കിയാല്‍ പാക്കിസ്ഥാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.