ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ അപ്രതീക്ഷിത എന്‍ട്രി ലഭിച്ച സ്കോട്‍ലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഐസിസി പുറത്താക്കിയതോടെയാണ് തൊട്ടടുത്ത റാങ്കിലുള്ള സ്കോട്‌ലന്‍ഡിന് അവസരം ലഭിച്ചത്. റിച്ചി ബെരിങ്‍ടണ്‍ നയിക്കുന്ന ടീമില്‍ 2024 ലോകകപ്പില്‍ പങ്കെടുത്ത 11 താരങ്ങളുണ്ട്. അഫ്ഗാന്‍ വംശജനായ പേസ് ബോളര്‍ സൈനുള്ള ഇഹ്‍സാന്‍ മാത്രമാണ് ടീമിലെ പുതുമുഖം.
Also Read: ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയേക്കും; ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനും നീക്കം
ഇഹ്സാന് പുറമേ ആദ്യമായി ലോകകപ്പ് കളിക്കുന്ന മറ്റ് മൂന്ന് താരങ്ങള്‍ കൂടി സ്കോട്‍ലന്‍ഡ് ടീമിലുണ്ട്. ടോം ബ്രൂസ്, ഫിന്‍ലേ മക്‌ക്രീത്, ഒളിവര്‍ ഡേവിഡ്‍സണ്‍ എന്നിവരാണ് കന്നി ലോകകപ്പിനൊരുങ്ങുന്നത്. ഇവര്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ട്വന്‍റി 20, ഏകദിന ടീമുകളുടെ ഭാഗമാണ്. പുതിയ കോച്ച് ഓവന്‍ ഡോകിന്‍സിന്‍റെ നേതൃത്വത്തില്‍ നടന്ന ആദ്യ ടീം സിലക്ഷന്‍ കൂടിയായിരുന്നു ഇത്.
വീസ ലഭിക്കുന്നതനുസരിച്ചായിരിക്കും താരങ്ങളുടെ പങ്കാളിത്തം ഉറപ്പാകുകയെന്ന് ക്രിക്കറ്റ് സ്കോട്‍ലന്‍ഡ് അറിയിച്ചു. ടീം തിരഞ്ഞെടുപ്പിനും തയാറെടുപ്പിനും ചുരുക്കം ദിവസങ്ങള്‍ മാത്രമേ ലഭിച്ചുള്ളു എന്നതാണ് കാരണം. പാക്കിസ്ഥാന്‍ വംശജനായ സഫിയാന്‍ ഷെരിഫീന്‍റെ വീസയുടെ കാര്യത്തിലാണ് പ്രധാന ആശങ്ക. ഈ സാഹചര്യത്തില്‍ ടീമിനൊപ്പം സഞ്ചരിക്കുന്ന രണ്ട് റിസര്‍വ് താരങ്ങളും ബാക്കപ്പായി മൂന്ന് റിസര്‍വ് താരങ്ങളും ഉണ്ടാകും.
അവസാനനിമിഷം ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ആവേശത്തിലാണ് സ്കോട്ടിഷ് താരങ്ങളും ടീം മാനേജ്മെന്‍റും. യഥാസമയം ടീമിനെ തീരുമാനിക്കാനും സജ്ജമാക്കാനും ക്രിക്കറ്റ് സ്കോട്‍ലന്‍ഡ് ഭാരവാഹികള്‍ നടത്തിയ ശ്രമത്തെ കോട്ട് ഡോകിന്‍സ് അഭിനന്ദിച്ചു. സൈനുള്ള ഇഹ്സാന്‍റെ കാര്യത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും സ്കോട്‍ലന്‍ഡ് എ ടീമിനുവേണ്ടിയും യൂത്ത് ടീമിനുവേണ്ടിയും നടത്തിയ പ്രകടനങ്ങള്‍ രാജ്യാന്തര തലത്തില്‍ ആവര്‍ത്തിക്കാനുള്ള വലിയ അവസരമാണിതെന്നും ഹെഡ് കോച്ച് പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് ട്വന്‍റി20 ലോകകപ്പ് ആരംഭിക്കുന്നത്. സി ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, നേപ്പാള്‍, ഇറ്റലി എന്നീ ടീമുകള്‍ക്കൊപ്പമാണ് സ്കോട്‍ലന്‍ഡിന്‍റെ സ്ഥാനം. ഫെബ്രുവരി ഏഴിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് സ്കോട്‍ലന്‍ഡിന്‍റെ ആദ്യമല്‍സരം. ഫെബ്രുവരി ഒന്‍പതിന് അവര്‍ ഇറ്റലിയെ നേരിടും. 14 ഇംഗ്ലണ്ടുമായും 17ന് നേപ്പാളുമായും അവര്‍ ഏറ്റുമുട്ടും.
ലോകകപ്പ് സ്ക്വാഡ്: റിച്ചി ബെരിങ്ടണ്‍ (ക്യാപ്റ്റന്‍), ടോം ബ്രൂസ്, മാത്യൂ ക്രോസ്, ബ്രാഡ്‍ലി കറി, ഒലിവര്‍ ഡേവിഡ്‌സണ്‍, ക്രിസ് ഗ്രീവ്‍സ്, സൈനുള്ള ഇഹ്സാന്‍, മൈക്കല്‍ ജോണ്‍സ്, മൈക്കല്‍ ലീസ്ക്, ഫിന്‍ലേ മക്‌ക്രീത്, ബ്രാന്‍ഡന്‍ മക്‌മലന്‍, ജോര്‍ജ് മ്യുണ്‍സേ, സഫിയാന്‍ ഷെരീഫ്, മാര്‍ക് വാട്ട്, ബ്രാഡ്‍ലി വീല്‍. ട്രാവലിങ് റിസര്‍വ് താരങ്ങള്‍: ജാസ്പര്‍ ഡേവിഡ്സണ്‍, ജാക്ക് ജാര്‍വിസ്, നോണ്‍ ട്രാവലിങ് റിസര്‍വ് താരങ്ങള്‍: മക്കന്‍സി ജോണ്‍സ്, ക്രിസ് മക്ബ്രൈഡ്, ചാര്‍ലി ടിയര്‍