ട്വന്‍റി ട്വന്‍റി ലോകപ്പില്‍ പങ്കെടുക്കുമോയെന്നോ ഇല്ലെന്നോ പറയാതെ പാക്കിസ്ഥാന്‍. പിസിബി ചെയര്‍മാന്‍ മൊഹ്‍സിന്‍ നഖ്‍വി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷാബാസ് ഷെരീഫുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ അന്തിമതീരുമാനം എടുക്കുമെന്ന് നഖ്‍വി ട്വീറ്റ് ചെയ്തു. ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ പങ്കാളിത്തം സര്‍ക്കാര്‍ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് നഖ്‌വി രണ്ടുദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രിയുമായുള്ള‍ കൂടിക്കാഴ്ച നിര്‍ണായകമാകുകയും ചെയ്തു.

‘കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. ഐസിസി വിവാദം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എല്ലാ സാഹചര്യങ്ങളും സാധ്യതകളും പരിശോധിച്ച് തീരുമാനമെടുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അന്തിമതീരുമാനം വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ എടുക്കാമെന്നും ധാരണയായി.’ – നഖ്‍വി എക്സില്‍ കുറിച്ചു.

ഐസിസി ലോകകപ്പ് പൂര്‍ണമായി ബഹിഷ്കരിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡിലെയും സര്‍ക്കാരിലെയും ഒരുവിഭാഗം. സിലക്ട്‍മാര്‍ക്കും ലോകകപ്പില്‍ പങ്കെടുക്കണമെന്നാണ് താല്‍പര്യം. എന്നാല്‍ ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇറങ്ങിത്തിരിച്ച സാഹചര്യത്തില്‍ കാര്യമ‌ായി എന്തെങ്കിലും ചെയ്യാതിരിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള മല്‍സരം ബഹിഷ്കരിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊളംബോയില്‍ നെതര്‍ല‍ന്‍റ്സിനെതിരെ അടുത്തമാസം ഏഴിനാണ് പാക്കിസ്ഥാന്‍റെ ആദ്യമല്‍സരം നിശ്ചയിച്ചിരിക്കുന്നത്. തീരുമാനം തിങ്കളാഴ്ച വരെ നീണ്ടാല്‍ ആദ്യമല്‍സരത്തിന് തയാറെടുക്കാന്‍ വെറും മൂന്നുദിവസം മാത്രമേ ലഭിക്കൂ. ഇത് ടീമിന്‍റെ പ്രകടനത്തെയും ബാധിച്ചേക്കാം. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാക്കിസ്ഥാനുമുന്നില്‍ അധികം സാധ്യതകള്‍ ഇല്ലെന്നതും വസ്തുതയാണ്.

ഇന്ത്യയില്‍ കളിക്കില്ലെന്ന് നിലപാടെടുത്ത ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കി പകരം സ്കോട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിക്കെതിരെയാണ് പാക്കിസ്ഥാന്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബംഗ്ലാദേശിനോട് ഇരട്ടനീതിയാണ് കാട്ടിയതെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പാക്കിസ്ഥാന്‍റെ ക്രിക്കറ്റ് തന്ത്രങ്ങള്‍.