ക്രിക്കറ്റിലെ ബഹിഷ്ക്കരണ ചരിത്രത്തിലെ ഒടുവിലത്തെ കണ്ണിയാണ് ബംഗ്ലാദേശ്. ഐസിസി ടൂര്‍ണമെന്റ് ചരിത്രത്തില്‍ എട്ടാം തവണയാണ് ഒരു ടീം പിന്‍മാറുന്നത്. ഇന്ത്യയുടെ ബഹിഷ്ക്കരണ ഭീഷണിക്ക് മുന്നില്‍ മാത്രമാണ് ഐസിസി വഴങ്ങിയ ചരിത്രമുള്ളത്. 

ഇന്ത്യയും പാക്കിസ്ഥാന്‍ ശ്രീലങ്കയും സംയുക്ത ആതിഥേയത്വം വഹിച്ച 1996-ലോകകപ്പില്‍, ഓസ്ട്രേലിയയും വെസ്റ്റിൻഡീസും ശ്രീലങ്കയിൽ കളിക്കാൻ വിസമ്മതിച്ചു. കൊളംബോ സ്ഫോടനങ്ങളെത്തുടർന്നുള്ള സുരക്ഷാ പ്രശ്നങ്ങളായിരുന്നു കാരണം. ശ്രീലങ്ക തർക്കിക്കാൻ നിന്നില്ല. ആ പോയിന്റുകളുമായി അവർ മുന്നോട്ടുപോയി, ലാഹോറില്‍ ഗദ്ദാഫി സ്റ്റേഡിയം വേദിയായ ഫൈനലില്‍ ഓസ്ട്രേലിയയെ വീഴ്ത്തിയുള്ള ലങ്കയുടെ കിരീടനേട്ടം ചരിത്രമായി. 

2003 ലോകകപ്പിനായി ഇംഗ്ലണ്ട് സിംബാബ്‌വെയിലേക്കും ന്യൂസീലൻഡ് കെനിയയിലേക്കും പോയില്ല. സുരക്ഷാ–രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്‍ന്നാണ് നടപടി. ഐസിസി ഇതിനെ പിന്മാറ്റമായി കണക്കാക്കി. എതിരാളികള്‍ക്ക് പോയിന്റ് നല്‍കി. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് 2009 ലെ ട്വന്റി 20 ലോകകപ്പിൽ നിന്ന് സിംബാബ്‌വെ സ്വയം പിന്മാറിയത് അവരുടെ രാജ്യത്തെ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടു. 

2016-ൽ ബംഗ്ലദേശിൽ നടന്ന അണ്ടർ 19 ലോകകപ്പിൽനിന്ന് ഓസ്ട്രേലിയയും പിന്‍മാറിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ കൗമാരതാരങ്ങളെ ലോകകപ്പിനയക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ പാക്കിസ്ഥാന്‍ വേദിയായ 2025-ലെ ചാംപ്യൻസ് ട്രോഫിയിൽനിന്ന് ഇന്ത്യ ബഹിഷ്കരണ ഭീഷണി മുഴക്കിയപ്പോൾ, ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ നടത്തി പ്രത്യേക പരിഗണന നൽകാനാണ് ഐസിസി തീരുമാനിച്ചത്.

ENGLISH SUMMARY:

Cricket boycotts have occurred several times in history, with Bangladesh being the latest example. This article explores the history of team withdrawals from ICC tournaments and the reasons behind them.