ആദ്യ രണ്ടു മത്സരങ്ങളിലും പ്രകടനം മോശമായ സഞ്ജു സാംസണിന് നിര്‍ണായമാണ് ഗുവാഹത്തിയിലെ മൂന്നാം ട്വന്‍റി 20. സഞ്ജുവിനൊപ്പം ബാക്ക്അപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഇഷാന്‍ കിഷന്‍ രണ്ടാം ട്വന്‍റി 20യില്‍ അവസരം മുതലാക്കിയതോടെ സഞ്ജു ബെഞ്ചിലിരിക്കുമെന്ന വിലയിരുത്തലുകളുണ്ട്. എന്നാല്‍ സഞ്ജുവിന് പിന്തുണയുമായി എത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍.
തിലക് വര്‍മ ടീമിലെത്തിയാല്‍ ഇലവനില്‍ രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കളിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യൻ ടീമിൽ വേഗത്തില്‍ മാറ്റങ്ങൾ വരുത്തരുതെന്നാണ് അശ്വിൻ പറയുന്നത്. അറ്റാക്കിങ് ഷോട്ട് കളിക്കുന്നതിനിടെ പുറത്തായ താരത്തെ അതിന്‍റെ പേരില്‍ ബെഞ്ചിലിരുത്തിയാല്‍ എങ്ങനെ അദ്ദേഹത്തിന്റെ മികച്ച ഇന്നിങ്സ് കാണാനാകും എന്നും അശ്വിന്‍ ചോദിച്ചു.
''സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ സമയമായിട്ടില്ല. സഞ്ജു നന്നായി കളിച്ചാല്‍ അദ്ദേഹത്തെ കളിപ്പിക്കുകയും ഇഷാന്‍ കളിക്കുമ്പോള്‍ അദ്ദേഹത്തെ കളിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കസ് ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ അവസാനം എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഡ്രസിംഗ് റൂമിന് ഇത് ഒട്ടും അനുയോജ്യമല്ല'' എന്നാണ് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.
സഞ്ജുവിന്റെ പരാജയത്തിന് കാരണം ശുഭ്മാന്‍ ഗില്ലാണെന്ന തരത്തിലുള്ള വിലയിരുത്തലുകളുണ്ട്. ഗില്ലിന് വേണ്ടി സഞ്ജുവിനെ ഓപ്പണിങില്‍ തട്ടികളിച്ചതാണ് പ്രകടനം മോശമാകാന്‍ കാരണമെന്ന് മഹി പട്ടേല്‍ എന്ന എക്സ് അക്കൗണ്ട് എഴുതി. ''സഞ്ജു ഓപ്പണിങ് കളിച്ച ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ സെഞ്ചറി നേടി. ഇവ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുമായിരുന്നു. തുടര്‍ന്നു വന്ന ഇംഗ്ലണ്ട് സീരിസില്‍ പരുക്കേറ്റ് സഞ്ജു കളിച്ചില്ല. പരുക്കിന് ശേഷം ഏഷ്യകപ്പിലെത്തിയപ്പോള്‍ ഓപ്പണിങിന് പകരം മധ്യനിരയിലാണ് സഞ്ജുവിന് സ്ഥാനം നല്‍കിയത്. ഇത് സഞ്ജുവിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു''.
''ഓപ്പണിങില്‍ ഗില്‍ തുടര്‍ച്ചയായി പാളിയതോടെ വീണ്ടും ഓപ്പണിങിലേക്ക് കൊണ്ടുവന്നു. അതിനുശേഷം മൂന്നു മത്സരങ്ങളാണ് സഞ്ജു ഓപ്പണിങ് കളിച്ചത്. ഇതില്‍ ഒന്നില്‍ മികച്ചരീതിയില്‍ കളിച്ചു. രണ്ടെണ്ണത്തില്‍ മോശമായി. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ പുറത്താക്കണമെന്ന് സംസാരിക്കുന്നത്'' എന്നും പോസ്റ്റിലുണ്ട്.