ഇഷാന്‍ കിഷന്റെ ഇടിവെട്ട് തിരിച്ചുവരവോടെ ട്വന്റി 20യില്‍ സഞ്ജു സാംസന്റെ ഓപ്പണിങ് സ്ഥാനം തുലാസിൽ. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ, സഞ്ജുവിന് മേലുള്ള സമ്മർദം ശക്തമാണ്. ഗുവാഹത്തിയില്‍ രാത്രി ഏഴുമണിക്കാണ് മൂന്നാം ട്വന്റി 20 മല്‍സരം.
ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയില്‍ രണ്ടുമല്‍സരങ്ങളില്‍ നിന്ന് സഞ്ജു നേടിയത് 16 റണ്‍സ്. ആദ്യ മല്‍സരത്തില്‍ പത്തുറണ്‍സിനും രണ്ടാം മല്‍സരത്തില്‍ ആറുറണ്‍സിനും പുറത്ത്. ഇതിനിടെയാണ് 32 പന്തിൽനിന്ന് 76 റൺസുമായി ഇഷാന്റെ തിരിച്ചുവരവ്. ഇതോടെ അഭിഷേക് ശർമയുടെ ഓപ്പണിങ് പങ്കാളി ആരാകണം എന്ന ചർച്ചകൾ വീണ്ടും ചൂടുപിടിപ്പിച്ചു. പന്തിന്റെ വേഗത്തിനനുസരിച്ച് ഡൗൺസ്വിങ്ങിൽ ബാറ്റിന്റെ വേഗം ക്രമീകരിക്കുന്നതിലാണ് സഞ്ജുവിന് പാളുന്നത്.
കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ അഞ്ചു തവണയും സഞ്ജു പുറത്തായത് പേസ് ബോളർമാർക്ക് മുന്നില്‍. ഇതിൽ മൂന്നു തവണയും ജോഫ്ര ആർച്ചർക്കാണ് വിക്കറ്റ് നൽകിയത്. കൈൽ ജേമിസണും മാറ്റ് ഹെൻറിയുമാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ സഞ്ജുവിനെ പുറത്താക്കിയത്. അര്‍ധസെഞ്ചുറി വരള്‍ച്ചയ്ക്ക് അവസാനമിടാന്‍ സൂര്യകുമാറിന് 23 ഇന്നിങ്സുകളുടെ സാവകാശം ലഭിച്ചെങ്കില്‍, സഞ്ജുവിനോട് അങ്ങനെയൊരു കരുണകാണിക്കില്ലെന്ന് മുന്‍കാലഅനുഭവം പറയുന്നു.