ട്വന്‍റി 20 ലോകകപ്പിനുള്ള ടീമില്‍ ഇടംനേടിയെങ്കിലും ഇന്ത്യന്‍ തന്ത്രങ്ങളില്‍ സഞ്ജു സാംസണിന്‍റെ കാര്യം സുരക്ഷിതമാണോ? ന്യൂസീലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ ബാറ്റിങില്‍ പിഴച്ച സഞ്ജുവില്‍ നിന്നും ടീം കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ലോകകപ്പിനായി ഇന്ത്യ ഉള്‍പ്പെടുത്തിയ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരും ആദ്യ മത്സരത്തില്‍ പിഴച്ചതിനാല്‍ ഇന്നത്തെ പ്രകടനം നിര്‍ണായകമാണ്. രാത്രി ഏഴിന് റായ്പൂരിലാണ് രണ്ടാം ട്വന്‍റി 20.
ഏഴ് പന്തിൽ നിന്ന് 10 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്. അറ്റാക്കിങ് ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും കൈൽ ജാമിസണിന്റെ പന്തിൽ മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. 2023 നവംബറിന് ശേഷം ആദ്യ ട്വന്‍റി 20 കളിക്കുന്ന ഇഷാന്‍, ജേക്കബ് ഡഫിയുടെ പന്തില്‍ പുറത്തായി. അഞ്ച് പന്തിൽ നിന്ന് എട്ട് റൺസാണ് ഇഷാന്‍റെ സമ്പാദ്യം. രണ്ട് വിക്കറ്റ് കീപ്പര്‍മാരും കാര്യമായ പ്രകടനം നടത്താത്തതിനാല്‍ വരുന്ന മത്സരങ്ങള്‍ ഇരുവര്‍ക്കും നിര്‍ണായകമാണ്.
2026 ലെ ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയാണിത്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ സഞ്ജുവും ഇഷാന്‍ കിഷനും എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനെ അനുസരിച്ചാകും ആര് ലോകകപ്പ് കളിക്കും എന്ന തീരുമാനത്തിലെത്തുക. ട്വന്‍റി 20യില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്. എന്നാൽ ഇത് ഉറപ്പിക്കാനായിട്ടില്ലെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര പറയുന്നത്.
2026 ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഏറ്റവും ശക്തമായ ഇലവനിൽ സഞ്ജു ഉറപ്പായൊരു ഓപ്പണര്‍ അല്ലെന്നും ചോപ്ര പറയുന്നു. ''ഓപ്പണിങില്‍ സഞ്ജു എത്തുമോ എന്നതില്‍ 100 ശതമാനം ഉറപ്പു പറയാന്‍ സാധിക്കില്ല. സഞ്ജുവും ഇഷാന്‍ കിഷനും തമ്മിലായിരിക്കും ഈ റോളിലേക്ക് മത്സരം. ന്യൂസിലാന്‍ഡുായുള്ള അടുത്ത കുറച്ചു മല്‍സരങ്ങളാണ് ഇക്കാര്യത്തില്‍ നമുക്ക് വ്യക്തമായ ഉത്തരം നല്‍കും'' ചോപ്ര വ്യക്തമാക്കി.