najmul-hossain-shantoont20-wc

ഇന്ത്യ–ബംഗ്ലദേശ് നയതന്ത്ര ബന്ധം ഉലഞ്ഞതിനെ ചൊല്ലി ഐസിസി ട്വന്‍റി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് ഇല്ലെന്ന ബംഗ്ലദേശിന്‍റെ നിലപാടിനെതിരെ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത്. ബംഗ്ലദേശിന്‍റെ സൂപ്പര്‍ താരം നജ്മുല്‍ ഹുസൈന്‍ ഷാന്‍റോയാണ് ലോകകപ്പ് മുടങ്ങരുതെന്നാണ് ആഗ്രഹമെന്ന് തുറന്നടിച്ചത്. ഐസിസി അനാവശ്യ സമ്മര്‍ദമാണ് ചെലുത്തുന്നതെന്നും വേദി മാറ്റിയാല്‍ അല്ലാതെ ലോകകപ്പില്‍ പങ്കെടുക്കില്ലെന്നുമുള്ള ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടിനെതിരെയാണ് ഷാന്‍റോ രംഗത്ത് വന്നിരിക്കുന്നത്. 

ലോകകപ്പിനായി ഇന്ത്യയിലേക്ക്  പോകുന്നത് സംബന്ധിച്ചോ വിവാദത്തിലോ കളിക്കാരുമായി ബോര്‍ഡ് ഒരുതരത്തിലുമുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും പക്ഷേ കളിക്കാരെല്ലാവരും ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ വിവാദങ്ങള്‍ കളിക്കാരെ മാനസികമായി തകര്‍ത്തിട്ടുണ്ട്. ഇത് വളരെ ദുര്‍ഘടമായ സമയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്ക് എപ്പോഴും കളിക്കാനാണ് ഇഷ്ടം. പ്രത്യേകിച്ചും ലോകകപ്പ് പോലെ ഒരു ഇവന്‍റ് നടക്കുമ്പോള്‍ അവിടെ ഉണ്ടാകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ലോകകപ്പ് കൃത്യമായ ഇടവേളകളിലല്ലേ വരുന്നത്. പ്രത്യേകിച്ചും 50 ഓവര്‍ ഫോര്‍മാറ്റ് നാലു വര്‍ഷത്തിലൊരിക്കലേ വരൂ. ക്രിക്കറ്റ് കളിക്കാന്‍ ഇത്ര വിശാലമായ അവസരം ലഭിക്കുന്നത് ഭാഗ്യമായാണ് ഞങ്ങളെല്ലാവരും കരുതുന്നത്'- ഷാന്‍റോ വ്യക്തമാക്കി. 

കളിക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കിലും ബോര്‍ഡില്‍ എന്താണ് നടക്കുന്നതെന്നതിനെ കുറിച്ച് തനിക്ക് കാര്യമായ ധാരണ ഇല്ലെന്നും ആഭ്യന്തര കാര്യങ്ങള്‍ അന്വേഷിക്കുകയോ അറിയുകയോ ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അന്തിമ തീരുമാനം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റേതാണെന്നും എല്ലാം ശുഭകരമായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. വിവാദത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍ ബംഗ്ലദേശിന്‍റെ ട്വന്‍റി20 ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട് ബിസിബി കളിക്കാരോട് ഔദ്യോഗിക ആശയ വിനിമയം നടത്തിയിട്ടില്ലെന്നും  സുരക്ഷാ കാരണങ്ങളെ തുടര്‍ന്നെടുത്ത തീരുമാനത്തില്‍ കളിക്കാരുടെ അഭിപ്രായം തേടിയിട്ടില്ലെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ മിനി ലേലത്തില്‍ ഒന്‍പത് കോടിയിലേറെ രൂപയ്ക്ക് ബംഗ്ലദേശ് താരമായ മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എടുത്തിരുന്നു. എന്നാല്‍ ഇന്ത്യ–ബംഗ്ലദേശ് ബന്ധം വഷളായതോടെ ഐപിഎലില്‍ നിന്ന് മുസ്തഫിസുറിനെ റിലീസ് ചെയ്യാന്‍ ബിസിസിഐ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നം സങ്കീര്‍ണമായത്. ഇന്ത്യയിലേക്ക് ട്വന്‍റി20 ലോകകപ്പിനായി എത്തുകയില്ലെന്നും ബംഗ്ലദേശിന്‍റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമായിരുന്നു ബിസിബിയുടെ ആവശ്യം. എന്നാല്‍ ഇത് ഐസിസി അംഗീകരിച്ചില്ല. തുടര്‍ന്നാണ് ടൂര്‍ണമെന്‍റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ബിസിബി സൂചന നല്‍കിയത്. ബംഗ്ലദേശ് ഒഴിവായാല്‍ സ്കോട്​ലന്‍ഡാവും പകരക്കാരാവുക. എന്നാല്‍ ഇത് സംബന്ധിച്ച് സ്കോട്​ലന്‍ഡ് ബോര്‍ഡുമായി ഐസിസി ആശയവിനിമയം നടത്തിയിട്ടില്ല. തീരുമാനമറിയിക്കാന്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഐസിസി ഇന്ന് കൂടിയാണ് സമയം അനുവദിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

In a significant turn of events, Bangladesh star cricketer Najmul Hossain Shanto has openly expressed the players' desire to participate in the upcoming ICC T20 World Cup in India, contradicting the Bangladesh Cricket Board's (BCB) boycott stance. Shanto revealed that the board had not consulted the players before deciding to skip the tournament due to escalating bilateral tensions and the exclusion of Mustafizur Rahman from the IPL. Speaking to the media on January 21, 2026, he emphasized that missing a World Cup would be mentally devastating for the team and that as professionals, their priority is to play on the global stage. T20 captain Litton Das also noted a lack of official communication from the BCB regarding the security concerns cited for the withdrawal. The deadlock continues as the ICC's final deadline for Bangladesh to confirm its participation ends today. If the BCB remains adamant, Scotland is expected to take their place in the tournament scheduled to begin on February 7. The cricketing world is closely watching this internal rift within Bangladesh cricket, which could have long-term implications for the sport's administration in the country. This public dissent from top players puts immense pressure on the BCB to reconsider its position against the BCCI and ICC. Fans are hopeful that a diplomatic resolution will allow the Tigers to compete in the prestigious event across the border.