ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കങ്ങൾക്ക് വിജയത്തുടക്കം കുറിച്ച് ഇന്ത്യ. നാഗ്പൂരിൽ നടന്ന ആവേശകരമായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ന്യൂസീലൻഡിനെ 48 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 239 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. ടീം സ്കോർ 27-ൽ എത്തുമ്പോഴേക്കും സഞ്ജു സാംസൺ (10), ഇഷാൻ കിഷൻ (8) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കളി മാറ്റുകയായിരുന്നു. 35 പന്തിൽ നിന്ന് 8 എട്ട് സിക്സറുകളും 5 ഫോറുകളും ഉൾപ്പെടെ 84 റൺസെടുത്ത അഭിഷേക് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.
അവസാന ഓവറുകളിൽ റിങ്കു സിംഗിന്റെ (20 പന്തിൽ 44) പ്രകടനമാണ് ഇന്ത്യൻ സ്കോർ 238-ൽ എത്തിച്ചത്. സൂര്യകുമാർ യാദവ് (32), ഹാർദിക് പാണ്ഡ്യ (25) എന്നിവരും ബാറ്റിംഗിൽ മികച്ച സംഭാവന നൽകി. കൂറ്റൻ സ്കോർ പിന്തുടർന്ന ന്യൂസീലൻഡിന് ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ പ്രഹരമേൽപ്പിച്ചു. മധ്യനിരയിൽ ശിവം ഡ്യൂബെയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി കിവികളുടെ നട്ടെല്ലൊടിച്ചു. ബാറ്റിംഗിലെ വെടിക്കെട്ട് പ്രകടനത്തിന് അഭിഷേക് ശർമ്മയെ കളിയിലെ താരമായി തിരഞ്ഞെടുത്തു.