Image Credit: x/indiansports
ട്വന്‍റി20 ലോകകപ്പിനായി ഇന്ത്യയില്‍ കളിക്കാനെത്തില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ബംഗ്ലദേശ്. അന്തിമ നിലപാട് അറിയിക്കാന്‍ ഐസിസി അറിയിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് എതിരെയും ബിസിസിഐക്കെതിരെയും കടുത്ത ആരോപണങ്ങളുമായി ബംഗ്ലദേശ് രംഗത്തെത്തിയിരിക്കുന്നത്. അനാവശ്യമായ സമ്മര്‍ദമാണ് ഐസിസി ബംഗ്ലദേശിന് മേല്‍ ചുമത്തുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബംഗ്ലദേശ് യൂത്ത് ആന്‍റ് സ്പോര്‍ട്സ് വക്താവ് ആസിഫ് നസ്റുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് വൈകുന്നേരത്തോടെ ബംഗ്ലദേശ് നിലപാട് അറിയിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവല്ലോയെന്ന ചോദ്യത്തിന് ഔദ്യോഗികമായി ഐസിസിയില്‍ നിന്ന് അത്തരം ഒരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു നസ്റുലിന്‍റെ മറുപടി. ' അനാവശ്യവും അകാരണവുമായ സമ്മര്‍ദം ചെലുത്തി ഇന്ത്യയില്‍ ഞങ്ങളെ എത്തിച്ച് കളിപ്പിക്കാമെന്ന് ആരും കരുതേണ്ട. ട്വന്‍റി20 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ നിന്ന് ഞങ്ങളെ പുറത്താക്കുമെന്നോ പകരം സ്കോട്ലന്ഡിനെ എടുക്കുമെന്നോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ബിസിസിഐക്ക് മുന്നില്‍ മുട്ടുമടക്കി, ഞങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്താനാണ് ഐസിസിയുടെ ശ്രമമെങ്കില്‍ അതിന് വഴങ്ങാന്‍ ബംഗ്ലദേശ് ഒരുക്കമല്ല'- അദ്ദേഹം പറഞ്ഞു. സമാനമായ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതിച്ചപ്പോഴെല്ലാം ഐസിസി മല്‍സര വേദി മാറ്റി നല്‍കിയിട്ടുണ്ട്. കൃത്യമായ കാരണമുള്ളത് കൊണ്ടാണ് ബംഗ്ലദേശ് ഇക്കുറി വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. അത് അനുവദിക്കാതിരിക്കുന്നത് ശരിയല്ലെന്നും നസ്റുല്‍ തുറന്നടിച്ചു.
ബംഗ്ലദേശ് താരമായ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎലില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബിസിബി ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്ന് തീരുമാനിച്ചത്. വിവാദം കൊഴുത്തതോടെ ഐസിസിയും ബിസിബി പ്രതിനിധികളുമായി പലവട്ടം കൂടിക്കാഴ്ച നടന്നു. ഒടുവില്‍ ഇന്ന് വൈകുന്നേരത്തിനകം വിവരം അറിയിക്കാന്‍ ഐസിസി ബിസിബിയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മല്‍സര ക്രമവും വേദികളും അതിനായുള്ള സൗകര്യങ്ങളും നേരത്തെ തന്നെ നിശ്ചയിച്ചതിനാല്‍ ഇനി വേദിമാറ്റുന്നത് സാധ്യമല്ലെന്നാണ് ഐസിസി ബിസിബിയെ അറിയിച്ചത്. ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടില്‍ ബിസിബി ഉറച്ച് നിന്നാല്‍ നിലവിലെ റാങ്കിങ് അനുസരിച്ച് സ്കോട്ലന്ഡ് ട്വന്‍റി20 ലോകകപ്പ് കളിക്കാനെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചും ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ഐസിസി പ്രതിനിധികള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ബംഗ്ലദേശുമായുള്ള ബന്ധം കണക്കിലെടുത്ത്, ടൂര്‍ണമെന്‍റിലേക്ക് ബോര്‍ഡ് മുന്‍കൈയെടുക്കേണ്ടതില്ലെന്നും ഐസിസി ബന്ധപ്പെട്ടാല്‍ ആലോചിക്കാമെന്നുമുള്ള നിലപാടാണ് സ്കോട്ലന്ഡ് സ്വീകരിച്ചിരിക്കുന്നത്.
ഫെബ്രുവരി ഏഴിനാണ് ട്വന്‍റി20 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വിന്‍ഡീസുമായി അന്നേ ദിവസം തന്നെയാണ് ബംഗ്ലദേശിന്‍റെ മല്‍സരവും നിശ്ചയിച്ചിരിക്കുന്നത്. അതേ വേദിയില്‍ വച്ച് ഫെബ്രുവരി ഒന്‍പതിനാണ് നിലവിലെ ചാര്‍ട്ട് പ്രകാരം ബംഗ്ലദേശിന്‍റെ രണ്ടാമത്തെ മല്‍സരവും. ഇംഗ്ലണ്ടാണ് എതിരാളികള്‍. ഫെബ്രുവരി 17ന് നേപ്പാളുമായുള്ള മല്‍സരം കൂടിയാകുന്നതോടെ ബംഗ്ലദേശിന്‍റെ ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയാകും.