ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ആയുഷ് ബദോനിയെ ഉള്‍പ്പെടുത്തിയതില്‍ ഗംഭീറിന് രൂക്ഷ വിമര്‍ശനം. പരുക്കേറ്റ് പുറത്തായ വാഷിങ്ടണ്‍ സുന്ദറിന് പകരമാണ് ബദോനി ടീമില്‍ ഇടം പിടിച്ചത്. ഏകദിനത്തില്‍ അരങ്ങേറുന്നതൊക്കെ നല്ലതാണെങ്കിലും ടീമിലേക്കുള്ള ഈ വരവ് കഴിവിന്‍റെ മാത്രം അടിസ്ഥാനത്തിലല്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരുവിഭാഗം കുറ്റപ്പെടുത്തുന്നത്. ഗംഭീറിന്‍റെ പ്രിയങ്കരനാണെന്നത് മാത്രമാണ് ബദോനിയെ അനായാസം ഇന്ത്യന്‍ ടീമിലെത്തിച്ചതെന്നാണ് ആളുകള്‍ കുറിച്ചത്. 'വാഷിങ്ടണ്‍ സുന്ദര്‍ ഓള്‍റൗണ്ടറാണ്.. ബദോനിയാവട്ടെ, ബാറ്ററും പാര്‍ട്ട് ടൈം ബോളറും' എന്നാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 22 ഇന്നിങ്സുകളില്‍ നിന്ന് 22 വിക്കറ്റുകളും 693 റണ്‍സുമാണ് ബദോനിയുടെ നേട്ടം. വിജയ് ഹസാരെ ട്രോഫിയിലാവട്ടെ തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് ബദോനി പുറത്തെടുത്തത്. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് താരത്തിന് നേടാന്‍ കഴിഞ്ഞത് വെറും 16 റണ്‍സാണ്. എന്നാല്‍ ഐപിഎലില്‍ ബദോനിയുടേത് മികച്ച പ്രകടനവും ആയിരുന്നു. കഴിഞ്ഞ സീസണില്‍ 11 ഇന്നിങ്സുകളില്‍ നിന്ന് 329 റണ്‍സാണ് താരം നേടിയത്.
ലക്നൗ സൂപ്പര്‍ ജയന്‍റ്സിലുള്ളപ്പോഴാണ് ബദോനി ഗംഭീറിന്‍റെ ഇഷ്ടക്കാരുടെ ലിസ്റ്റിലെത്തുന്നത്. രഞ്ജിയിലും താരത്തിന്‍റെ പ്രകടനം ഗംഭീര്‍ നേരിട്ട് കണ്ടിട്ടുമുണ്ട്. മുന്‍പ് ഹര്‍ഷിത് റാണയോട് ഗംഭീര്‍ സമാനമായ പക്ഷപാതിത്വം പ്രകടിപ്പിച്ചതും ആരാധകര്‍ ഇതിനൊപ്പം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹര്‍ഷിത് റാണയോടുള്ള പ്രത്യേക ഇഷ്ടത്തില്‍ ഒടുവില്‍ പരസ്യമായി തന്നെ ഗംഭീറിന് പ്രതികരിക്കേണ്ടി വന്നിരുന്നു. കഴിവാണ് മാനദണ്ഡമെന്നും ഹര്‍ഷിതിനോട് താന്‍ ആഭിമുഖ്യമൊന്നും കാണിച്ചിട്ടില്ലെന്നുമായിരുന്നു ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അതേസമയം, ഇന്ത്യന്‍ ടീമിലേക്കുള്ള വിളി ബദോനി കാത്തിരിക്കുകയായിരുന്നുവെന്നും അര്‍ഹിച്ച അംഗീകാരമാണിതെന്നുമാണ് ബദോനിയുടെ കോച്ചായ സരണ്‍ദീപ് സിങ് പ്രതികരിച്ചത്. ഇന്നലെയാണ് ന്യൂസീലന്‍ഡിനെതിരെ ശേഷിക്കുന്ന മൂന്ന് ഏകദിനങ്ങളില്‍ വാഷിങ്ടണ്‍ സുന്ദറിന് പകരം ബദോനി കളിക്കുമെന്ന് ബിസിസിഐ അറിയിച്ചത്. നെറ്റ്സിലെ പരിശീലനത്തിനിടെ പരുക്കേറ്റതോടെ ഋഷഭ് പന്തും ടീമില്‍ നിന്ന് പുറത്തായിരുന്നു. ധ്രുവ് ജുറേലാണ് പന്തിന് പകരക്കാരനായി എത്തിയത്.