റിഷഭ് പന്ത് (ഫയല്‍ ചിത്രം)
വഡോദരയിലെ പരിശീലന സെഷനിൽ പരുക്കേറ്റിതിന് പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഋഷഭ് പന്ത് പുറത്ത്. ഏകദിന പരമ്പര ഇന്ന് തുടങ്ങാനിരിക്കെയാണ് പന്ത് ടീമില്‍ നിന്നും പുറത്താകുന്നത്. ശനിയാഴ്ച ബിസിഎ സ്റ്റേഡിയത്തിൽ നടന്ന ഓപ്ഷനൽ പരിശീലന സെഷനിൽ നെറ്റ്സിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് പന്തിനു പരുക്കേറ്റത്.
പരിശീലന സെഷനിൽ ഏകദേശം ഒരു മണിക്കൂറോളം നന്നായി ബാറ്റു ചെയ്തു ശേഷം ത്രോഡൗൺ സ്പെഷ്യലിസ്റ്റിനെ നേരിടുന്നതിനിടെ അരയ്ക്കു മുകളിൽ ബോൾ കൊള്ളുകയായിരുന്നു. കഠിനമായ വേദന കാരണം ഉടൻ തന്നെ പന്ത് മുട്ടുകുത്തി വീണു. സപ്പോർട്ട് സ്റ്റാഫ് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഉടൻ തന്നെ ഗ്രൗണ്ട് വിട്ടു. സ്കാനിങ്ങിൽ വാരിയെല്ലിന് പരുക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിൽനിന്നു പന്തിനെ ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു.
നേരത്തെ തന്നെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ പന്ത് ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. പന്തിന്‍റെ ഫോമും ടീം സന്തുലാവസ്ഥയും പരിഗണിച്ചായിരുന്നു ഈ തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്നാൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടീമിൽ നിലനിർത്തി. പക്ഷേ പരിക്കേറ്റ് പുറത്തായതോടെ സെലക്ഷന്‍ കമ്മിറ്റിക്ക് പന്തിനായി ഇനിയൊരു പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.
വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്ത് ധ്രുവ് ജുറേലിനും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്ന ഇഷാൻ കിഷനുമായിരുന്നു പന്തിന് പകരക്കാരായി എത്താന്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പന്തിന് പകരം ജുറേലിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച ഫോമിലാണ് ജുറേല്‍. ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചറികൾ ഉൾപ്പെടെ 558 റൺസ് നേടിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പരയിൽ ജൂറലിന് നേരത്തെ സെലക്ഷൻ ലഭിച്ചിരുന്നില്ല.
അതേസമയം, ഇന്ത്യ- ന്യൂസിലന്‍റ് ഏകദിന പരമ്പരയ്ക്ക് ഇന്ന് വഡോദരയില്‍ തുടക്കമാകും, പുതുനിരയുമായെത്തുന്ന ന്യൂസീലൻഡിനെ നേരിടുമ്പോൾ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ഫോമാകും ഇന്ത്യയുടെ കുതിപ്പിന് ഊർജം പകരുക. ശുഭ്മന്‍ ഗില്ലിന്റെ പ്രകടനവും വിലയിരുത്തപ്പെടും. ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ (ബിസിഎ) ഉച്ചയ്ക്ക് ഒന്നരമുതലാണ് മല്‍സരം.