പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി വിശ്രമത്തിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. കഴിഞ്ഞ ഒക്ടോബറിൽ സിഡ്‌നിയിൽ നടന്ന മൂന്നാം ഏകദിനത്തിനിടെ ക്യാച്ച് എടുക്കുന്നതിനിടെ ശ്രേയസിന് പ്ലീഹയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. മത്സരത്തിന് ശേഷം, ആന്തരിക രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ് ശ്രേയസ്.
എന്നാല്‍ വീണ്ടും ചികില്‍സക്ക് പോവുമായിരുന്നു സാഹചര്യത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് ശ്രേയസ്. ആരാധികയുടെ നായയുടെ കടിയില്‍ നിന്നുമാണ് ശ്രേയസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആരാധികയുടെ കയ്യിലിരുന്ന വളര്‍ത്തുനായയാണ് ശ്രേയസിനെ കടിക്കാനാഞ്ഞത്. ഡൽഹി വിമാനത്താവളത്തിൽ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെയാണ് സംഭവം.
ആദ്യം ഒരു ആരാധിക ശ്രേയസിന്‍റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങി. അവര്‍ക്ക് പിന്നില്‍ നിന്നും ആരാധികയുടെ കയ്യിലുണ്ടായിരുന്ന നായയെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു ശ്രേയസ്. ഉടന്‍ തന്നെ നായ ശ്രേയസിന്‍റെ കയ്യിലേക്ക് കടിക്കാനോങ്ങി. ഞൊടിയിടയില്‍ കൈ വലിച്ച ശ്രേയസ് കടിയില്‍ നിന്നും രക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ വൈറലാണ് വിഡിയോ. വിശ്രമത്തിലായിരുന്ന ശ്രേയസ് വീണ്ടും വിശ്രമിക്കാനുള്ള പുറപ്പാടിലാണോ എന്നാണ് വിഡിയോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്.