ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി ഹര്‍ഭജന്‍ സിങ്. വൈസ് ക്യാപ്റ്റനായിട്ടും ടീമിന് പുറത്തായ ഗില്‍ നിരാശപ്പെടേണ്ടതില്ലെന്നും കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുമായി ഗില്‍ മടങ്ങി വരുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഗില്ലിനെ പുറത്തിരുത്താന്‍ എടുത്ത തീരുമാനം മികച്ചതായിരുന്നുവെന്നും ഹര്‍ഭജന്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 'ഗില്‍ തിരിച്ചുവരും. ട്വന്‍റി 20 ഫോര്‍മാറ്റിന്‍റെ പ്രത്യേകത കൊണ്ടും ടീമിന്‍റെ കോമ്പിനേഷനും കണക്കിലെടുത്തതോടെയാണ് ഗില്ലിന് പുറത്തിരിക്കേണ്ടി വന്നത്. അല്ലെങ്കില്‍ ഗില്‍ ടീമിലുണ്ടാകുമെന്നതിന് ഒരു സംശയവും ആര്‍ക്കും വേണ്ട. നിലവിലെ ടീം ഏറ്റവും മികച്ചതാണ്. അവരുമായി ഇന്ത്യ കിരീടം നിലനിര്‍ത്തുക തന്നെ ചെയ്യു'മെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തതിന് മുഖ്യ സിലക്ടറായ അജിത് അഗാര്‍ക്കറിന് മുഴുവന്‍ മാര്‍ക്കും നല്‍കണമെന്നും ടീമിലെ എല്ലാ കളിക്കാരും സ്വന്തം നിലയില്‍ കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്നും താരം പ്രശംസിച്ചു. ബാക് ടു ബാക് ലോകകപ്പ് നേടാന്‍ ടീമിന് കഴിയട്ടെ എന്നും ഹര്‍ഭജന്‍ ആശംസിച്ചു.
ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയ തീരുമാനം ഭാവി മുന്നില്‍ കണ്ടാണെന്നാണ് ഹര്‍ഭജന്‍റെ ന്യായീകരണം. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഗില്‍ മുന്നോട്ട് വരുമെന്നും തയാറെടുപ്പ് നടത്തുമെന്നും താന്‍ പ്രതീക്ഷിക്കുന്നതായും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. ' ചിലപ്പോഴെങ്കിലും ചില തീരുമാനങ്ങള്‍ നേരത്തേയായിപ്പോയോ എന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ ഗില്‍ ആ പദവിക്ക് തയാറായിരുന്നു. ഇതൊരു ഹൈ ഡിമാന്‍ഡ് ജോലിയാണ്. ഗില്ലാവട്ടെ ചെറുപ്പവും. എത്ര വേഗത്തില്‍ ടീം മാനേജ്മെന്‍റും ക്യാപ്റ്റന്‍സിയും ഗില്ലിന് വഴങ്ങുന്നോ അത്രയും വേഗത്തില്‍ മികച്ച ഫലവും ഉണ്ടാകും. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പര അതിന് ഉദാഹരണമാണ്. ഏറ്റവുമധികം അടിച്ചുകൂട്ടി ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് ഗില്‍ ചെയ്തത്. എനിക്കറിയാവുന്നിടത്തോളം വലിയ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഗില്‍'- ഹര്‍ഭജന്‍ വിശദീകരിച്ചു.
വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയത് മികച്ച തീരുമാനമാണെന്നും ഈ സ്പിന്‍ ത്രയം ഏത് കളിയും ഇന്ത്യയുടെ വരുതിയിലാക്കാന്‍ പോന്നവരാണെന്നും താരം പറഞ്ഞു. സൂര്യകുമാര്‍ യാദവ് ലോകകപ്പില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നും ഹര്‍ഭജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.