ട്വന്റി20 ലോകകപ്പിലെ ബംഗ്ലദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയോട് ആവശ്യപ്പെട്ടു. കായിക മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നീക്കം. ഇന്ത്യയിലെത്തുന്നത് സുരക്ഷിതമല്ലെന്നാണ് ബംഗ്ലദേശിന്റെ വിലയിരുത്തല്‍.
മുസ്തഫിസുര്‍ റഹ്മാനെ ഐപിഎലില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് അടിയന്തര യോഗം ചേർന്നത്. മല്‍സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ലങ്കയിലെ വേദിയിലേക്ക് മാറ്റണമെന്നാണ് ഐസിസിയോട് ആവശ്യപ്പെടും ഒപ്പം കളിക്കാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ബംഗ്ലദേശ് ഐസിസിയെ അറിയിക്കും. ബംഗ്ലദേശിന്റെ മൂന്നുമല്‍സരങ്ങള്‍ കൊല്‍ക്കത്തയിലാണ് നടക്കേണ്ടത്. ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാള്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലദേശ്.
BCCIയുടെ നിർദേശപ്രകാരമാണ് ബംഗ്ലദേശ് ബോളറെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വ്യക്തമാക്കിയിരുന്നു. 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊല്‍ക്കത്ത ലേലത്തില്‍ സ്വന്തമാക്കിയത്. ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി, മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലിൽ കളിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് ബിജെപി, ശിവസേന നേതാക്കൾ നിലപാടെടുത്തിരുന്നു.
ടീം ഉടമ ഷാറൂഖ് ഖാനും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. പിന്നാലെയാണ് മുസ്തഫിസുറിനെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് നടക്കുന്നത്.