വിജയ് ഹസാരെ ട്രോഫിക്കിടെ യുവതാരം സായ് സുദര്‍ശന് പരുക്ക്. വാരിയെല്ലിനാണ് പരുക്കേറ്റത്. ആറാഴ്ചയെങ്കിലും ചുരുങ്ങിയത് വിശ്രമം വേണ്ടി വരും. അഹമ്മദാബാദില്‍ വച്ച് മധ്യപ്രദേശിനെതിരെ നടന്ന മല്‍സരത്തിനിടെയാണ് സായിയുടെ ഏഴാമത്തെ വാരിയെല്ലിന് പൊട്ടലുണ്ടായത്. അതിവേഗം പരുക്കേല്‍ക്കാന്‍ സാധ്യതയുള്ള വാരിയെല്ലാണിത്. ഇതേ സ്ഥലത്ത് തന്നെ നെറ്റ്സിലെ പരിശീലനത്തിനിടെയും മുന്‍പ് സായിക്ക് പരുക്കേറ്റിരുന്നു.
സായിക്ക് മതിയായ ചികില്‍സയും പരിചരണവും പരിശീലനവും ബെംഗളൂരുവില്‍ ലഭ്യമാക്കുന്നുണ്ടെന്നും പത്തു ദിവസത്തിന് ശേഷം അപ്പര്‍ ബോഡി ട്രെയിനിങുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നെതന്നും സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആറു മുതല്‍ എട്ടാഴ്ച വരെ സമയമാണ് വാരിയെല്ലിന്‍റെ പൊട്ടല്‍ ഭേദമാകാന്‍ വേണ്ടി വരുന്നത്. പരുക്കേറ്റതോടെ വിജയ് ഹസാരെയിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ താരത്തിന് നഷ്ടമാകും. നാല് മല്‍സരങ്ങളില്‍ ഒന്ന് മാത്രം ജയിച്ച തമിഴ്നാട് നിലവില്‍ ഗ്രൂപ്പില്‍ ആറാമതാണ്. രാജസ്ഥാന്‍, ത്രിപുര, കേരളം എന്നവിയുമായുള്ള ഗ്രൂപ്പ് മല്‍സരങ്ങള്‍ തമിഴ്നാടിന് ശേഷിക്കന്നുണ്ട്. അതേസമയം ഐപിഎലില്‍ താരം മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ടെസ്റ്റ് മല്‍സരങ്ങളില്‍ ഇനിയും തിളങ്ങാന്‍ സായിക്കായിട്ടില്ല. 11 ഇന്നിങ്സുകളിലെ ഒന്‍പതിലും താരം പരാജയമായിരുന്നു. രണ്ട് അര്‍ധ സെഞ്ചറികളടക്കം 302 റണ്‍സ് മാത്രമാണ് ടെസ്റ്റില്‍ നേടാനായത്. അതേസമയം, മൂന്ന് ഏകദിനങ്ങളില്‍ നിന്നായി രണ്ട് അര്‍ധ സെഞ്ചറികള്‍ സായ് നേടിയിട്ടുണ്ട്. 2023 ല്‍ അരങ്ങേറ്റം കുറിച്ച സായ് നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന് പുറത്താണ്.