ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും തന്നെ ഗൗനിക്കാത്ത സിലക്ടര്‍മാര്‍ക്ക് മുന്നില്‍ വീണ്ടും അടിച്ച് തകര്‍ത്ത് സര്‍ഫറാസ് ഖാന്‍. വിജയ് ഹസാരെ ട്രോഫിയിലെ നാലാം റൗണ്ട് മല്‍സരത്തില്‍ ഗോവയ്ക്കെതിരെ 56 പന്തിലാണ് സര്‍ഫറാസ് സെഞ്ചറി തികച്ചത്. ഓപ്പണറായ യശസ്വി ജയസ്വാള്‍ പുറത്തായതിന് പിന്നാലെയാണ് നാലാം നമ്പറുകാരനായ സര്‍ഫറാസ് ഇറങ്ങിയത്. പിന്നാലെ സഹോദരനുമൊത്ത് തകര്‍പ്പനടി തുടങ്ങി. 36–ാം ഓവറില്‍ സെഞ്ചറിയും തികച്ചു. 

ലിസ്റ്റ് എ ക്രിക്കറ്റിലെ സര്‍ഫറാസിന്‍റെ മൂന്നാം സെഞ്ചറിയാണിത്. അതിവേഗ സെ‍ഞ്ചറിയോടെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡും സര്‍ഫറാസ് മറികടന്നു. കഴിഞ്ഞയാഴ്ചയാണ് സിക്കിമിനെതിരെ 62 പന്തില്‍ നിന്ന് രോഹിത് സെഞ്ചറി തികച്ചത്. 14 സിക്സും ഒന്‍പത് ഫോറുമടക്കം 157 റണ്‍സെടുത്ത താരത്തെ ദര്‍ശന്‍ മിസലാണ് പുറത്താക്കിയത്. സഹോദരന്‍ മുഷീറും അര്‍ധ സെഞ്ചറി നേടി. 

2024 നവംബര്‍ മൂന്നിന് ന്യൂസീലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് മല്‍സരത്തിലാണ് സര്‍ഫറാസ് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. വിജയ് ഹസാരെയിലെ പ്രകടനം സിലക്ടര്‍മാര്‍ക്ക് ഒരു ഓര്‍മപ്പെടുത്തലാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിക്കുന്നത്. ഏകദിന ടീമില്‍ രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സര്‍ഫറാസിന് കഴിയുമെന്നും അവസരം ലഭിക്കാത്തിന്‍റെ കുറവ് മാത്രമാണുള്ളതെന്നും കമന്‍റുകളുണ്ട്. ഖാന്‍ സഹോദരന്‍മാരുടെ മികച്ച പ്രകടനത്തോടെ ഗോവയ്ക്കെതിരെ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെടുത്തു. 

ENGLISH SUMMARY:

Mumbai batter Sarfaraz Khan hit a sensational 56-ball hundred against Goa in the Vijay Hazare Trophy, surpassing Rohit Sharma's recent record. Fans urge selectors to consider him for the ODI squad following his brilliant form.

Google trending topic: Sarfaraz Khan