Image Credit: x/CricketAustralia

Image Credit: x/CricketAustralia

മുന്‍ ഓസ്ട്രേലിയന്‍ താരം ഡാമിയന്‍ മാര്‍ട്ടിന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മസ്തിഷ്കജ്വരം ബാധിച്ച ഡാമിയനെ കഴിഞ്ഞ ദിവസമാണ് ബ്രിസ്ബേനിലെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോമയിലാണ് ഡാമിയനുള്ളതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും മികച്ച ചികില്‍സയാണ് ഡാമിയന് ലഭ്യമാക്കുന്നതെന്നും പങ്കാളി അമാന്‍ഡയും കുടുംബവും അദ്ദേഹത്തിനൊപ്പമുണ്ടെന്നും ക്രിക്കറ്റ് ഓസ്ട്രേലിയയും അറിയിച്ചു. എത്രയും വേഗത്തില്‍ ഡാമിയന്‍ സുഖം പ്രാപിക്കട്ടെയെന്ന് ടൊഡ് ഗ്രീന്‍ബെര്‍ഗ് പ്രതികരിച്ചു.ഡാമിയന്‍റെ മടങ്ങി വരവിനായി ക്രിക്കറ്റ് ലോകമൊന്നാകെ കാത്തിരിക്കുകയാണെന്ന് താരത്തിന്‍റെ ഉറ്റ സുഹൃത്ത് കൂടിയായ ആഡം ഗില്‍ക്രിസ്റ്റ് കുറിച്ചു.

ഡാര്‍വിനില്‍ ജനിച്ച ഡാമിയന്‍ 21–ാം വയസിലാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 23–ാം വയസില്‍ ഓസീസ് ക്യാപ്റ്റനായി. ആറുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം 2000ത്തില്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഡാമിയന്‍ മികച്ച പ്രകടനമാണ് പിന്നീട് പുറത്തെടുത്തത്. ന്യൂസീലന്‍ഡിനെതിരെ 2005ല്‍ നേടിയ 165 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 13 ടെസ്റ്റ് സെഞ്ചറിയടക്കം 4406 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയത്.

208 ഏകദിനങ്ങളില്‍ കളിച്ച താരം 1999 ലെയും 2003 ലെയും ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 2003 ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഒടിഞ്ഞ വിരലുമായി ബാറ്റ് ചെയ്ത് ഡാമിയന്‍ നേടിയ 88 റണ്‍സാണ് കിരീടം ഓസ്ട്രേലിയയിലേക്കെത്താന്‍ കാരണമായത്. 2006ലെ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ ഓസീസ് ടീമിലും ഡാമിയന്‍ ഉള്‍പ്പെട്ടിരുന്നു. അഞ്ച് സെഞ്ചറിയുള്‍പ്പടെ 5346 റണ്‍സാണ് സമ്പാദ്യം. 2006–07ലെ ആഷസ് പരമ്പരയോടെ വിരമിച്ചു.പിന്നീട് കമന്‍റേറ്ററായാണ് ഡാമിയനെ ക്രിക്കറ്റ് ലോകം കണ്ടത്. അസുഖബാധിതനാകുന്നത് വരെ സമൂഹമാധ്യമങ്ങളിലും താരം സജീവമായിരുന്നു.

ENGLISH SUMMARY:

Former Australian cricketer Damien Martyn is in critical condition after being diagnosed with meningitis. Currently in a coma at Gold Coast University Hospital, the cricket world, including Adam Gilchrist, prays for his recovery.