**EDS: THIRD PARTY** In this image via X/@ICC, Indian captain Shubman Gill and coach Gautam Gambhir during a practice session ahead of the first Test cricket match against England, at Headingley, Leeds, Thursday, June 19, 2025. (ICC via PTI Photo) (PTI06_19_2025_000323A)
ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയത് ആരാധകരെയും മുന്‍താരങ്ങളെയും മാത്രമല്ല, ടീം അംഗങ്ങളെ വരെ ഉലച്ചുകളഞ്ഞുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലിനെ പോലും പുഷ്പം പോലെ പുറത്തെടുത്ത് കളയുമെങ്കില്‍ എന്ത് സുരക്ഷിതത്വമാണ് ടീമിലെ സ്ഥാനത്തില്‍ ഉള്ളെതന്നാണ് ടീമംഗങ്ങളുടെ സംസാരമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗതം ഗംഭീറിന് കീഴില്‍ ആരും സുരക്ഷിതരല്ലെന്നും ഈ ആശങ്ക എല്ലാവരിലേക്കും പടര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗില്‍ ഇപ്പോള്‍ പുറത്തായെങ്കില്‍ അടുത്തത് ആരുമാകാമെന്നും പോസ്റ്റര്‍ ബോയി ആയി ഉയര്‍ത്തപ്പെട്ടയാള്‍ക്ക് ഈ ഗതിയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോയെന്നാണ് ഉയരുന്ന ആശങ്ക.
ടീം തിരഞ്ഞെടുപ്പില്‍ അടിമുടി ഗംഭീറിന്‍റെ താല്‍പര്യങ്ങള്‍ പ്രകടമാണ്. വൈറ്റ് ബോള്‍ കോച്ചെന്ന നിലയില്‍ ഗംഭീറിന്‍റെ പ്രകടനവും അഭിമാനാര്‍ഹമാണെന്നതാണ് അതിന്‍റെ കാരണം. ഐസിസി ട്രോഫിയും എസിസി ട്രോഫിയും ഗംഭീറിന് കീഴില്‍ ഇന്ത്യ നേടി. അതേസമയം, SENA രാജ്യങ്ങള്‍ക്കെതിരായ 10 ടെസ്റ്റ് തോല്‍വികള്‍ ഗംഭീറിന് നാണക്കേട് ഉണ്ടാക്കുന്നുമുണ്ട്. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പര തോറ്റമ്പിയതിന് പിന്നാലെ ടെസ്റ്റ് കോച്ച് സ്ഥാനം ഏറ്റെടുക്കാമോയെന്ന് വിവിഎസ് ലക്ഷ്മണിനോട് ബിസിസിഐ ഉന്നതര്‍ ആരാഞ്ഞിരുന്നുവെന്നും എന്നാല്‍ ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സിലെ തലവന്‍റെ റോളില്‍ താന്‍ ഹാപ്പിയാണെന്ന് ലക്ഷ്മണ്‍ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്‍റെ നിലവിലെ കാലാവധി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം തീര്‍ത്തും മോശമായാല്‍ മാത്രമേ കാലാവധി പൂര്‍ത്തിയാകും മുന്‍പ് ഗംഭീറിന്‍റെ കാര്യത്തില്‍ ഒരു വിചിന്തനം ഉണ്ടാവുകയുള്ളൂവെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. അഞ്ചാഴ്ചകള്‍ കൂടിയാണ് ട്വന്‍റി20 ലോകകപ്പിന് ശേഷിക്കുന്നത്.
അതേസമയം, 2025–27 കാലയളവില്‍ ഒന്‍പത് ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. ഇതില്‍ ടീമിന് പരീശീലനം നല്‍കാന്‍ ഗംഭീര്‍ പ്രാപ്തനാണോ എന്നതില്‍ ബിസിസിഐയ്ക്ക് സംശയമുണ്ടെന്നതാണ് വാസ്തവം. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമനില പിടിച്ചു. ഓഗസ്റ്റില്‍ ശ്രീലങ്കയിലും ഒക്ടോബറില്‍ ന്യൂസീലന്‍ഡിലുമാണ് ഇന്ത്യയ്ക്ക് അടുത്ത ടെസ്റ്റ് പര്യടനങ്ങളുള്ളത്. 2027 ജനുവരി–ഫെബ്രുവരിയിലായി ഓസ്ട്രേലിയയുമായുള്ള അഞ്ച് മല്‍സരങ്ങളുടെ പരമ്പരയ്ക്ക് ആതിഥ്യമരുളുകയും വേണം. ബിസിസിഐയിലും ഇന്ത്യന്‍ ക്രിക്കറ്റിലും ഗംഭീറിന് ശക്തമായ പിന്തുണയാണ് ഉള്ളത്. ട്വന്‍റി20 കിരീടം ഇന്ത്യ നിലനിര്‍ത്തുകയോ, ഫൈനലില്‍ എത്തുകയോ ചെയ്താല്‍ ഗംഭീറിന്‍റെ കോച്ച് പദവി വീണ്ടും ഉറയ്ക്കുമെന്നാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.