കാര്യവട്ടം സ്പോർട്സ് ഹബ്ബില്‍ ശ്രിലങ്കയ്ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 30റണ്‍സിന്റെ ജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്സ് ആറ് വിക്കറ്റിന് 191 റണ്‍സില്‍ അവസാനിച്ചു. പരമ്പരയില്‍ ഇന്ത്യ 4–0ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. ബാറ്റർമാരുടെ ഇഷ്ടങ്ങൾക്കൊപ്പം നിന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റൺ മിന്നലുകൾ തീര്‍ത്ത ഷെഫാലി വര്‍മ-സ്മൃതി മന്ഥന സഖ്യം, തിരുത്തിക്കുറിച്ചത് നിരവധി റിക്കോര്‍ഡുകള്‍. ഇന്ത്യൻ വനിതാ ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചതിനു പുറമേ, സ്മൃതി മന്ഥന രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുന്നതിനും കാര്യവട്ടം സാക്ഷിയായി
ഇന്ത്യന്‍ വനിതാ ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് തിരുവനന്തപുരത്ത് പിറന്ന രണ്ടിന് 221 എന്ന സ്‌കോര്‍. 2024ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 217 റണ്‍സ് എന്ന റെക്കോര്‍ഡാണ് തിരുവനന്തപുരത്ത് വഴിമാറിയത്. വ്യക്തിഗത സ്‌കോര്‍ 27 ല്‍ എത്തിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍ തികക്കുന്ന നാലാമത്തെ ബാറ്ററായി സ്മൃതി. ടി20 യില്‍ 4000 റണ്‍സ് കാര്യവട്ടത്ത് പിന്നിട്ട സ്മൃതിയുടെ ആകെ റണ്‍ സാമ്പാദ്യം 10,053 ആണ്. ടെസ്റ്റില്‍ 629 റണ്‍സും ഏകദിനത്തില്‍ 5322 റണ്‍സും സ്മൃതിയുടെ അക്കൗണ്ടിലുണ്ട്. ഇന്ത്യയുടെ മിതാലി രാജിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റിക്കോര്‍ഡ്. 10,868 റണ്‍സാണ് മിതാലിയുടെ പേരിൽ. ന്യൂസിലാന്റിന്റെ സൂസി ബാറ്റേഴ്‌സ് (10,652), ഇംഗ്ലണ്ടിന്റെ കാര്‍ലോട്ട് എഡ്വേഴ്‌സ് (10,272) എന്നിവരാണ് സ്മൃതിക്ക് മുന്നിൽ.
ഷഫാലി-സ്മൃതി ഓപ്പണിംഗ് സഖ്യം 15.1 ഓവറില്‍ നേടിയ 162 റണ്‍സ്, ഏത് വിക്കറ്റിലെയും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. 2019 ല്‍ വിന്‍ഡീസിനെതിരെ സ്മൃതിയും ഷഫാലിയും നേടിയ 143 റണ്‍സാണ് പഴങ്കഥയായത്. വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ഈ സഖ്യത്തിനാണ്. 3107 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഏതെങ്കിലും വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50 റണ്‍സിനുമേല്‍ നേടുന്ന സഖ്യമെന്ന റെക്കോര്‍ഡും ഷഫാലി-സ്മൃതി സഖ്യത്തിന്റെ പേരിലായി.
ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡും സ്മൃതി തിരുവനന്തപുരത്ത് സ്വന്തം പേരില്‍ കുറിച്ചു. കാര്യവട്ടത്ത് മൂന്ന് തവണ പന്ത് ഗ്യാലറിയില്‍ എത്തിച്ച സ്മൃതി യുടെ സിക്‌സര്‍ നേട്ടം 80 ആണ്. 78 സിക്‌സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെയാണ് സ്മൃതി പിന്നിലാക്കിയത്. ഇന്ത്യന്‍ ഇന്നിങ്ങിസില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറക്കുന്ന (എട്ട്) രണ്ടാമത്ത മത്സരവും കാര്യവട്ടത്തായിരുന്നു.