ഭരണം സ്വപ്നം കണ്ടുറങ്ങുന്നവര്‍ ജമാ അത്തെ ഇസ്‌ലാമിയെ വെളുപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും മുന്നണിയുടെ അരികുപറ്റി മതരാഷ്ട്രവാദം കുത്തിവയ്ക്കാനാണ് ജമാ അത്തെ ഇസ്‌ലാമിയുടെ  ശ്രമമെന്നും സമസ്ത  മുഖപത്രം സുപ്രഭാതം . മുസ്‌ലിം ലീഗിനൊപ്പം നില്‍ക്കുന്ന   ഇകെ വിഭാഗത്തിന്‍റെ ഈ നിലപാട്  യുഡിഎഫിനെ വെട്ടിലാക്കും.

 

സുപ്രഭാതത്തിന്റ സിഇഒ കൂടിയായ മുസ്തഫ മുണ്ടുപാറയുടെ ',സമസ്ത പ്രമേയവും ജമാ അത്തെ ഇസ്‌ലാമിയും' എന്ന ലേഖനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ. മുസ്‌ലിം സമൂഹത്തിലെ  ഒരു ശതമാനത്തിന്‍റെ പിന്തുണ പോലും  ജമാ അത്തെ ഇസ്‌ലാമിക്കില്ല.  അണികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും ഇല്ലാത്ത പൊതുസമ്മതി അവകാശപ്പെട്ടും രാഷ്ട്രീയ കക്ഷികളെ കബളിപ്പിച്ച് ചിലയിടങ്ങളില്‍ സീറ്റ് നേടി. പ്രമുഖ മുന്നണികളുടെ അരികുപറ്റി മതരാഷ്ട്രവാദം ജനമനസുകളില്‍ കുത്തിവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനെതിരെയാണ് സമസ്തയുടെ കാസര്‍കോട്ടെ ശതാബ്ദി സമ്മേളനം പ്രമേയം പാസാക്കിയത്. 

 

ആരോയോ സഹായിക്കാന്‍ വേണ്ടിയാണ്  പ്രമേയം പാസാക്കിയതെന്നാണ് ആരോപണം. ആരെയാണോ ഉദ്ദേശിക്കുന്നത് അവരുമായി 2016 വരെ കൂടിയവരല്ലേ നിങ്ങളെന്ന് ഇടതുപക്ഷത്തെ ചൂണ്ടിക്കാട്ടി മുസ്തഫ മുണ്ടുപാറ ചോദിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മതരാഷ്ട്രവാദത്തെ തള്ളാതെ മലക്കം മറിയുന്ന ജമാ അത്തെ ഇസ്‌ലാമിയുടെ നിലപാട് ഭരണാധികാരം സ്വപ്നം കണ്ടുറങ്ങുന്ന ചില രാഷ്ട്രീയക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആര് വെളുപ്പിക്കാന്‍ ശ്രമിച്ചാലും നടക്കില്ല. പ്രബുദ്ധ കേരളം ഇതൊക്കെ കാണാതെ പോകുമെന്ന രാഷ്ട്രീയക്കാരുടെ കണക്കുകൂട്ടല്‍ വെറും പകല്‍കിനാവായിരിക്കുമെന്നും  മുസ്തഫ മുണ്ടുപാറ പറയുന്നു. ജമാ അത്തെ ഇസ്മാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ ലീഗും പിന്തുണച്ചിരുന്നു. 

 

ENGLISH SUMMARY:

The Samastha Kerala Jem-iyyathul Ulama (EK faction) has strongly criticized the United Democratic Front (UDF) for accepting the support of the Jamaat-e-Islami Hind. In its mouthpiece Suprabhaatham, Samastha stated that those “dreaming of coming to power” cannot whitewash Jamaat-e-Islami. The article argues that Jamaat-e-Islami is attempting to inject religious nationalism into mainstream political fronts by staying close to them. This stance by the EK faction—traditionally aligned with the Indian Union Muslim League—is expected to put the UDF in a difficult spot.