virat-kohli-earnings

ആഭ്യന്തര ടൂര്‍ണമെന്‍റുകളില്‍ താരങ്ങള്‍ സജീവമാകണമെന്ന ബിസിസിഐ നിര്‍ദേശത്തിന് പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനിറങ്ങിയത് വലിയ ആവേശമാണ് ആരാധകരില്‍ സൃഷ്ടിക്കുന്നത്. സൂപ്പര്‍താരങ്ങളുടെ കളി കാണാന്‍ ആരാധകര്‍ പതിവില്ലാത്തവിധം ഇടിച്ചുകയറിയതോടെ ആഭ്യന്തര ടൂര്‍ണമെന്‍റും കളറായി. ഐപിലിന്‍റെ ഗ്ലാമറില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ സംബന്ധിച്ചിടത്തോളം സുപ്രധാന ആഭ്യന്തര ടൂര്‍ണമെന്‍റാണ് വിജയ് ഹസാരെ. 

rohit-sharma-vijay-hazare-earnings

ഐപിഎലില്‍ കോടികള്‍ കീശയിലെത്തുന്ന താരങ്ങള്‍ക്ക് വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചാല്‍ എത്ര രൂപകിട്ടുമെന്നതാണ് സോഷ്യല്‍ ലോകത്തെ ചര്‍ച്ച. ഐപിഎലില്‍ ലേലത്തിലൂടെയാണ് താരങ്ങളുടെ പ്രതിഫലം തീരുമാനിക്കപ്പെടുന്നതെങ്കില്‍ വിജയ് ഹസാരെയില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തുകയാവും അക്കൗണ്ടിലെത്തുക. ലിസ്റ്റ് എ മല്‍സരങ്ങള്‍ (ആഭ്യന്തര ഏകദിനങ്ങള്‍) എത്രയെണ്ണം കളിച്ചുവെന്നതിനെ ആശ്രയിച്ചാകും പ്രതിഫലം. 

മാച്ച് ഫീ ഘടന ഇങ്ങനെ

സീനിയര്‍ കാറ്റഗറി (40 ലേറെ ലിസ്റ്റ് എ മല്‍സരങ്ങള്‍ കളിച്ചവര്‍)യില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ 60,000 രൂപ വീതം. റിസര്‍വ് താരങ്ങള്‍ക്ക് കളിയൊന്നിന് 30,000 രൂപ വീതവും ലഭിക്കും. മിഡ് ലെവല്‍ കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് (21 മുതല്‍ 40 മല്‍സരങ്ങള്‍ വരെ) പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ 50,000 രൂപയും റിസര്‍വില്‍ 25,000 രൂപയുമാണ് പ്രതിഫലം. ജൂനിയര്‍ കാറ്റഗറിയില്‍ (0–20 മല്‍സരങ്ങള്‍) പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍  40,000 രൂപയും റിസര്‍വില്‍ 20,000 രൂപ വീതവും ലഭിക്കും.

നിലവിലെ സീസണില്‍ ഡല്‍ഹിക്കായി കളിക്കുന്ന കോലിയും മുംബൈയ്ക്കായി കളിക്കുന്ന രോഹിതും മുതിര്‍ന്ന ആഭ്യന്തര താരങ്ങള്‍ക്കുള്ള പ്രതിഫലമാകും വാങ്ങുക. കളിയൊന്നിന് 60,000 രൂപ വീതം ഇരുവര്‍ക്കും ലഭിക്കും. ഇതിന് പുറമെ യാത്ര, ഭക്ഷണം, താമസം എന്നീയിനങ്ങളിലും കളിക്കാരുടെ അക്കൗണ്ടില്‍ പണമെത്തും. മാത്രമല്ല മാന്‍ ഓഫ് ദ് മാച്ച് ആയാല്‍ പതിനായിരം രൂപയും ലഭിക്കും. നോക്കൗട്ടിലും ഫൈനലിലും എത്തുന്ന ടീമുകള്‍ക്കും അവരുടെ സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഇതിന് പുറമെയും പണം ലഭിക്കും. ഏകദിന മല്‍സരങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതമാണ് ബിസിസിഐ ഇരുവര്‍ക്കും നല്‍കുക. 

ENGLISH SUMMARY:

Discover how much Virat Kohli and Rohit Sharma earn per match in the Vijay Hazare Trophy. While they earn crores in IPL, the domestic match fee for senior players like them is set at ₹60,000 per day by BCCI. Learn about the fee structure for different categories of players.