Thiruvananthapuram: India s Deepti Sharma, centre, celebrates a wicket with Richa Ghosh, left, during the third T20 International cricket match of a series between India Women and Sri Lanka Women, at Greenfield International Stadium, in Thiruvananthapuram, Kerala, Friday, Dec. 26, 2025. (PTI Photo) (PTI12_26_2025_000508B)

രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ മൂന്നാമത്തെ താരമായി ദീപ്തി ശര്‍മ. കാര്യവട്ടത്ത് ശ്രീലങ്കയ്ക്കെതിരെ നടന്ന മൂന്നാം ട്വന്‍റി20യിലെ മൂന്ന് വിക്കറ്റ് നേട്ടമാണ് ഓസീസ് ഇതിഹാസം എലിസ് പെറിയെ മറികടക്കാന്‍ ദീപ്തിയെ സഹായിച്ചത്. 333 വിക്കറ്റുകളാണ് രാജ്യാന്തര ക്രിക്കറ്റില്‍ ദീപ്തിയുടെ സമ്പാദ്യം. 271 മല്‍സരങ്ങളില്‍ നിന്നാണ് എലിസ് പെറി 331 വിക്കറ്റുകള്‍ നേടിയിരുന്നത്. 275 മല്‍സരങ്ങളില്‍ നിന്ന് 335 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്‍റെ കാതറീന്‍ സീവര്‍ ബ്രെന്‍റും ഇന്ത്യന്‍ ഇതിഹാസം ജൂലന്‍ ഗോസ്വാമി (291 മല്‍സരങ്ങളില്‍ നിന്ന് 335 വിക്കറ്റ്)യുമാണ് ദീപ്തിക്ക് മുന്നില്‍ ഇനിയുള്ളത്. 

പുരുഷ– വനിത ട്വന്‍റി20യില്‍ 150 വിക്കറ്റ് മറികടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ദീപ്തി സ്വന്തമാക്കി. ഓസ്ട്രേലിയയുടെ മേഗന്‍ ഷൂട്ടിനൊപ്പമാണ് നിലവില്‍ ദീപ്തിയുടെ സ്ഥാനം. 131 ട്വന്‍റി20 മല്‍സരങ്ങളില്‍ നിന്നായി 151 വിക്കറ്റുകളാണ് ഷൂട്ട് നേടിയിട്ടുള്ളത്. 10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ചപ്രകടനം. 

ഏകദിനത്തിലും ദീപ്തി മിന്നും താരമാണ്. വനിതാ താരങ്ങളില്‍ ആദ്യ പത്ത് വിക്കറ്റ് വേട്ടക്കാരില്‍ എട്ടാമതാണ് ദീപ്തിയുടെ സ്ഥാനം. ജൂലന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ബോളറും ദീപ്തിയാണ്. മൂന്ന് തവണ നാല് വിക്കറ്റ് വീതവും നാല് തവണ അഞ്ച് വിക്കറ്റ് വീതവും ദീപ്തി വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്നായി 20 വിക്കറ്റുകളും താരം നേടി. ട്വന്‍റി20യില്‍ 1000 റണ്‍സും 150 വിക്കറ്റുമെന്ന റെക്കോര്‍ഡും ദീപ്തിക്കുണ്ട്. 

കാര്യവട്ടത്ത് നടന്ന മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 112 റണ്‍സില്‍ ശ്രീലങ്കയെ രേണുക സിങും ദീപ്തി ശര്‍മയും പിടിച്ചുകെട്ടി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഷഫാലിയുടെ കരുത്തില്‍ അനായാസ ജയം നേടുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ രേണുക സിങാണ് പ്ലെയന്‍ ഓഫ് ദ് മാച്ച്. ഷഫാലി പുറത്താകാതെ 79 റണ്‍സ് നേടി. ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ രാജ്യാന്തര വനിത ട്വന്‍റി20 ക്രിക്കറ്റില്‍ ഏറ്റവുമധികം വിജയം നേടിയ ക്യാപ്റ്റനെന്ന പദവി ഹര്‍മന്‍പ്രീത് കൗര്‍ നേടി. മുന്‍ ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിങിനെയാണ് ഹര്‍മന്‍ മറികടന്നത്. 77–ാം വിജയമാണ് ഹര്‍മന്‍ ഇന്നലെ നേടിയത്.

ENGLISH SUMMARY:

Deepti Sharma becomes the joint-highest wicket-taker in Women's T20I history, equalling Megan Schutt's record. Captain Harmanpreet Kaur overtakes Meg Lanning for most T20I wins, as India secures a 3-0 series lead in Trivandrum.

Google trending topic: deepti sharma