വിജയ്ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പനടികള്‍ പിറന്ന ഇന്നലെ കേരളത്തിനും മത്സരമുണ്ടായിരുന്നു. ത്രിപുരയെ 145 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരളത്തിനായി വിഷ്ണു വിനോദ് 102 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രോഹന്‍ കുന്നുമ്മല്‍ 94 റണ്‍സെടുത്തു. ട്വന്‍റി 20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ച സഞ്ജു സാംസണ്‍ കളിക്കാത്തത് ആരാധകര്‍ ശ്രദ്ധിച്ചു. മുംബൈയ്ക്കായി രോഹിത് ശര്‍മയും ഡല്‍ഹിക്കായി വിരാട് കോലിയും വിജയ് ഹസാരെ ട്രോഫി കളിച്ച ദിവസം ടീമിലുണ്ടായിട്ടും സഞ്ജു എന്തുകൊണ്ട് മാറിനിന്നു എന്നതാണ് ആരാധകര്‍ക്കിടയിലെ ചോദ്യം. 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കുറഞ്ഞത് രണ്ട് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളെങ്കിലും കളിക്കണമെന്ന് ബിസിസിഐ നിര്‍ദ്ദേശമുണ്ട്. 2027 ഏകദിന ലോകകപ്പ് ടീമിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് ബിസിസിഐ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. രോഹിതിനെയും കോലിയെയും കൂടാതെ, ഡല്‍ഹിക്കായി ഋഷഭ് പന്തും ജാര്‍ഖണ്ഡിനായി ഇഷാന്‍ കിഷനും ഇറങ്ങി. 

സഞ്ജുവിനെ കൂടാതെ സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ, രവീന്ദ്ര ജഡേജ അടക്കമുള്ള താരങ്ങളും ആദ്യ ദിവസത്തെ ഗ്രൂപ്പ് മത്സരത്തില്‍ ഇറങ്ങിയിരുന്നില്ല. ലീഗ് ഘട്ടത്തിന്‍റെ അവസാനം മാത്രമെ ചില താരങ്ങള്‍ കളിക്കുകയുള്ളൂ എന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ അറിയിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ശിവം ദുബൈയും ജനുവരി ആറിനും എട്ടിനും രണ്ടു മത്സരങ്ങള്‍ കളിക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. രവീന്ദ്ര ജഡേജയും ഇതേരീതിയില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കും. 

2026 ട്വന്‍റി 20 ലോകകപ്പിനുള്ള താരങ്ങള്‍ താല്‍പര്യം അനുസരിച്ച് വിജയ് ഹസാരെ ട്രോഫിയിലെ അവസാന ലീഗ് മത്സരങ്ങളില്‍ കളിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം ബിസിസിഐ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതാകാം വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ കളിയില്‍ നിന്നും സഞ്ജു വിട്ടുനില്‍ക്കാനുള്ള കാരണം. ന്യൂസിലാന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയാണ് സഞ്ജുവിന്‍റെ അടുത്ത നാഷണല്‍ ഡ്യൂട്ടി. ജനുവരി 21 ന് ആരംഭിക്കുന്ന പരമ്പര വരെ സഞ്ജുവിന് മത്സരങ്ങളില്ല. 

ഡിസംബര്‍ 26, 29, 31, ജനുവരി മൂന്ന്, ജനുവരി ആറ്, ജൂണ്‍ എന്നിങ്ങനെയാണ് ഇനി കേരളത്തിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ഈ മത്സരങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ സഞ്ജുവിന് കളിച്ചാല്‍ മതിയാകും. 

ENGLISH SUMMARY:

Sanju Samson's absence from the Vijay Hazare Trophy has sparked discussions among fans. BCCI guidelines require Indian cricket players to play at least two Vijay Hazare Trophy matches as part of preparations for the 2027 ODI World Cup, and Sanju's absence contrasts with the participation of Rohit Sharma and Virat Kohli in their respective team matches.