ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വൈസ് ക്യാപ്റ്റനായിട്ട് കൂടി ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയതിനെതിരെ  മുന്‍ താരം റോബിന്‍ ഉത്തപ്പ. അതിവിചിത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ രീതികളെന്ന് അദ്ദേഹം കുറിച്ചു. മികച്ച ടീമിനെയാണ് ട്വന്‍റി20 ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ അത് ചിലരുടെയെങ്കിലും ഹൃദയം തകര്‍ത്തിട്ടുണ്ടെന്ന് തീര്‍ച്ചയാണെന്നും ഉത്തപ്പ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 'ഗില്ലിെന ഓര്‍ത്ത് പാവം തോന്നുന്നു. ടെസ്റ്റിലും ഏകദിനത്തിലും  ക്യാപ്റ്റനായിട്ട് പോലും ഗില്‍ പുറത്താണ്. വൈസ് ക്യാപ്റ്റനായി മറ്റാരെയെങ്കിലും പ്രഖ്യാപിക്കുമെന്നേ ഞാന്‍ കരുതിയുള്ളൂ. പക്ഷേ നോക്കൂ, ഗില്ലിന് ടീമില്‍ പോലും ഇടം കിട്ടിയില്ല.  ഗില്‍ ടീമില്‍ ഉണ്ടാവേണ്ടിയിരുന്നു. പതിനൊന്നാമനായിട്ടല്ല മൂന്നാമത്തെ ഓപ്പണറായി വേണമായിരുന്നു'- ഉത്തപ്പ തുറന്ന് പറയുന്നു.

ജിതേഷ് ശര്‍മ എന്ത് ചെയ്തിട്ടാണ് ലോകകപ്പ് ടീമിന് പുറത്തായതെന്നും ഉത്തപ്പ ചോദ്യം ഉയര്‍ത്തുന്നു. വിക്കറ്റ് കീപ്പറായും ബാറ്ററായും ജിതേഷ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസരം ലഭിച്ചപ്പോഴെല്ലാം ജിതേഷ് അത് നന്നായി ഉപയോഗിച്ചു. ജിതേഷിനെ ഓര്‍ത്ത് സങ്കടമുണ്ടെന്നും ഈ ലോകകപ്പില്‍ ഇല്ലെന്നതില്‍ നിരാശപ്പെടേണ്ടതില്ലെന്നും പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തി മടങ്ങിവരണമെന്നും ഉത്തപ്പ പറഞ്ഞു. ' അസാമാന്യ പ്രകടനമാണ് ജിതേഷ് പുറത്തെടുത്തത്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ സിലക്ഷന്‍റെ മാനദണ്ഡം ചിലപ്പോള്‍ ആര്‍ക്കും പിടികിട്ടില്ലെന്നതാണ് വാസ്തവം. ജിതേഷിനെയും ഗില്ലിനെയും ഓര്‍ത്ത് എനിക്ക് ദുഃഖമുണ്ട്.  ഇത് പോട്ടെ സുഹൃത്തുക്കളെ, കൂടുതല്‍ കരുത്തരായി തിരിച്ചുവരൂ. നിങ്ങളുടെ പ്രതിഭയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇതിനൊന്നുമാവില്ല. ക്രിക്കറ്റിനായി അതിശയകരമായ പ്രകടനങ്ങള്‍ നിങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്'- റോബിന്‍ ഉത്തപ്പ വ്യക്തമാക്കി. 

ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ: സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (wk), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, റിങ്കു സിംഗ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദര്‍, ഇഷാന്‍ കിഷൻ. 

ENGLISH SUMMARY:

Former Indian cricketer Robin Uthappa expresses heartbreak over the exclusion of Shubman Gill and Jitesh Sharma from the T20 World Cup squad. Uthappa questioned the selection criteria, noting that Gill, despite being a vice-captain, was dropped. He also praised Jitesh Sharma's performance and urged both players to come back stronger. Check out the full T20 World Cup squad led by Suryakumar Yadav.