**EDS: THIRD PARTY** In this image via X/@ICC, Indian captain Shubman Gill and coach Gautam Gambhir during a practice session ahead of the first Test cricket match against England, at Headingley, Leeds, Thursday, June 19, 2025. (ICC via PTI Photo) (PTI06_19_2025_000323A)

ശുഭ്മാന്‍ ഗില്ലിനെ നീക്കിയാണ് ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസണും ഇഷാന്‍ കിഷനും റിങ്കു സിങും ടീമിലെത്തിയത് ടീം കോമ്പിനേഷന്‍റെ ഭാഗമായിട്ടാണെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇന്നലെ പറഞ്ഞത്. ഇതോടെ ഗില്ലിന് പുറത്തുപോകേണ്ടി വന്നു എന്നായിരുന്നു സെലക്ടര്‍മാരുടെ വിശദീകരണം. എന്നാല്‍ ഗില്ലിനെ പുറത്താക്കിയതിന് പിന്നില്‍ ഗംഭീറാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 

ട്വന്‍റി 20 ടീം പ്രഖ്യാപിക്കുന്നത് വരെ ടീമില്‍ ഇല്ലെന്ന വിവരം ഗില്ലിനെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ കളിക്കുന്ന പിച്ചുകളുടെ സ്വഭാവം ഗില്ലിനെ പുറത്താക്കുന്നതില്‍ സ്വാധീനിച്ചു. 

ഓരോ മത്സരവും വ്യത്യസ്ത വേദികളിലായതിനാല്‍ ടൂർണമെന്റ് പുരോഗമിക്കുന്തോറും പിച്ചുകൾ കൂടുതൽ സ്ലോ ആകാന്‍ സാധ്യതയുണ്ട്. ഫീല്‍ഡിങ് നിയന്ത്രണം വരുന്ന പവർപ്ലേ ഓവറുകളിൽ റൺസ് നേടുക എന്നത് കളിയുടെ വിധി നിർണ്ണയിക്കും. അതിനാല്‍ സെലക്ടര്‍മാര്‍ സഞ്ജു, അഭിഷേക്, ഇഷാന്‍ എന്നിവരുടെ ബാറ്റിങില്‍ വിശ്വാസമര്‍പ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഫിനിഷറായി ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നതായി കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടു. അതിനാലാണ് റിങ്കു സിങിനെ ഇന്ത്യ ടീമിലേക്ക് തിരികെ വിളിച്ചത്. പാണ്ഡ്യയുടെ ജോലി ഭാരം കുറയ്ക്കായാണ് റിങ്കു സിങിന്‍റെ ഉത്തരവാദിത്വം. 

പിന്നില്‍ ഗംഭീര്‍ 

ഗില്ലിനെ ഒഴിവാക്കിയതിൽ ഗൗതം ഗംഭീറിന് വലിയ പങ്കുണ്ടെന്ന് മുൻ ദേശിയ സെലക്ടറെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ പ്രകടനം കണക്കിലെടുത്ത് ഗില്ലിനെ ഏഷ്യാ കപ്പിൽ വൈസ് ക്യാപ്റ്റനാക്കിയത് തെറ്റായ തീരുമാനമായിരുന്നു. സഞ്ജു സാംസൺ തെറ്റും ചെയ്യാതിരുന്നിട്ടും അന്ന് അവഗണിക്കപ്പെട്ടു. ട്വന്‍റി20 ലോകകപ്പ് തുടങ്ങാൻ വെറും അഞ്ച് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ ഗില്ലിനെ ഒഴിവാക്കിയത് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വരുത്തിയ തിരുത്തൽ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തിൽ ഗംഭീറിന് സ്വാധീനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.