ആഷസ് നിലനിർത്തി ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റിൽ 82 റൺസിന് ഇംഗ്ലണ്ടിനെ തോല്‍പിച്ചു. രണ്ടാം ഇന്നിങ്സില്‍ 435 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 352 റൺസിന് പുറത്തായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 3-0 ന് മുന്നിലാണ്.
അഞ്ചാം ദിനം വരെ നീണ്ട ഇംഗ്ലണ്ടിന്‍റെ ചെറുത്തുനില്‍പ്പ് ഓസീസ് ബോളര്‍മാര്‍ അവസാനിപ്പിച്ചു. ജേമി സ്മിത്ത് - വിൽ ജാക്സ് ഏഴാം വിക്കറ്റില്‍ നേടിയ 91 റൺസ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നൽകിയിരുന്നെങ്കിലും ഇരുവരെയും മിച്ചൽ സ്റ്റാർക് പുറത്താക്കി. ജേമി സ്മിത്തിന് ശേഷം വന്ന ബ്രൈഡന്‍ ക്രേസുമായി ചേര്‍ന്ന് വിൽ ജാക്സ് 52 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ജേമി സ്മിത്ത് 60 റണ്‍സും വില്‍ ജാക് 47 റണ്‍സുമെടുത്തു. ബ്രൈഡന്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഓപ്പണര്‍ സാക്ക് കാര്‍വ്‍ലി 85 റണ്‍സെടുത്തു. മധ്യനിരയില്‍ ജോ റൂട്ടും (39) ഹാരി ബ്രൂക്കും (30) ചേര്‍ന്ന ചെറുത്തുനില്‍പ്പ് നടത്തി.
ഏഴാം വിക്കറ്റ് കൂട്ടുകെട്ട് പൊളിഞ്ഞതിന് ശേഷം തുടരെ വിക്കറ്റുകള്‍ വീണത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. അവസാന വിക്കറ്റുകള്‍ വീഴ്ത്തിയത് പേസര്‍മാരാണ്. സ്റ്റാർക്, കമിൻസ്, ലയൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്സില്‍ സെഞ്ചറിയും രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ചറിയും നേടിയ അലക്സ് ക്യാരിയാണ് മാന്‍ ഓഫ് ദി മാച്ച്.
ഒന്നാം ഇന്നിങ്സില്‍ അലക്സ് ക്യാരിയുടെ സെഞ്ചറി (106)യുടെയും ഉസ്മാന്‍ ഖവാജ (82), മിച്ചല്‍ സ്റ്റാര്‍ക്ക് (54) എന്നിവരുടെ അര്‍ധ സെഞ്ചറി മികവില്‍ 371 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കമാണ് ഓസീസ് ലഭിച്ചത്. കമിന്‍സും ബോളണ്ടും എറിഞ്ഞിട്ടതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങിസില്‍ 286 ന് പുറത്തായി. 86 റൺസ് ലീഡിന്റെ മേൽക്കൈയുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 349 റണ്‍സെടുക്കാനായി. ഓപ്പണിങില്‍ തകര്‍ത്തടിച്ച ട്രാവിസ് ഹെഡിന്റെ 170 റണ്‍സ് സെഞ്ചറിയുടെ ബലത്തില്‍ 435 റണ്‍സിന്‍റെ ലീഡാണ് ഓസീസ് ഇംഗ്ലണ്ടിന് മുന്നില്‍ വച്ചത്.
അവസാന നാല് ഹോം ആഷസ് സീരിസിലും ഓസ്ട്രേലിയയ്ക്ക് സമ്പൂര്‍ണ ജയമാണ്. 2013-14 ല്‍ 5-0 ത്തിനായിരുന്നു ജയം. 2017-18 ലും 2021-22 ലും 4-0 ത്തിനും ഓസീസ് ജയിച്ചു.