Image Credit: AP, PTI
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്‍റി20 മല്‍സരത്തിനിടെ സഞ്ജു സാംസണ്‍ അടിച്ച പന്ത് അംപയറിന്‍റെ കാല്‍മുട്ടില്‍ കൊണ്ടു. അംപയര്‍ രോഹന്‍ പണ്ഡിറ്റാണ് സഞ്ജുവിന്‍റെ ബാറ്റിന്‍റെ 'ചൂടറിഞ്ഞത്'. കളിയുടെ ഒന്‍പതാം ഓവറിലായിരുന്നു സംഭവം. ഡിനോവനാണ് ബോള്‍ പന്തെറിഞ്ഞത്. സഞ്ജു പന്ത് അടിച്ച് പറത്തിയതും ഡിനോവന്‍ റിട്ടേണ്‍ ക്യാച്ചിന് ശ്രമിച്ചു. പക്ഷേ പന്ത് നേരെ ബോളര്‍ക്ക് പിന്നില്‍ നിന്ന അംപയര്‍ രോഹന്‍റെ കാല്‍മുട്ടില്‍ പതിച്ചു. വേദന കൊണ്ട് നിന്ന സ്ഥലത്ത് നിന്നും കാല്‍ ആടിപ്പോകുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം.
മെഡിക്കല്‍ ടീം ഉടന്‍ തന്നെ ഓടിയെത്തി അംപയറെ പരിശോധിച്ചു. ഇരു ടീം അംഗങ്ങളും ഓടിയെത്തി. അംപയര്‍ക്ക് തുടരാനാകുമോയെന്ന് കുറച്ച് നേരം നിരീക്ഷിക്കുകയും ചെയ്തു. പന്ത് അടിച്ചുകൊണ്ടതിന്‍റെ വേദനയുണ്ടെന്നത് അംപയറുടെ മുഖത്ത് വ്യക്തമായിരുന്നുവെങ്കിലും സ്പ്രേ അടിച്ച് മല്‍സരം തുടരുകയായിരുന്നു.
കളി തുടര്‍ന്നുവെങ്കിലും ആദ്യത്തെ റണ്ണൊഴുക്കിന്‍റെ വേഗം കുറഞ്ഞു. നാല് ഫോറുകളും രണ്ട് സിക്സുകളുമായി കിട്ടിയ അവസരം സഞ്ജു തകര്‍ത്തടിച്ചു. അഭിഷേകുമൊത്ത് പവര്‍പ്ലേയില്‍ തകര്‍പ്പന്‍ കളി. ആദ്യ ആറോവറില്‍ 67 റണ്‍സ്. ദക്ഷിണാഫ്രിക്ക ബോളര്‍മാരെ മാറി മാറി ഇറക്കിയെങ്കിലും രക്ഷയുണ്ടായില്ല. പത്താം ഓവറില്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ സഞ്ജു ബോള്‍ഡായി. പരുക്കേറ്റ ഗില്ലിന് പകരമാണ് സഞ്ജു ടൂര്‍ണമെന്‍റില്‍ ആദ്യമായി കളിക്കാനിറങ്ങിയത്. രാജ്യാന്തര ട്വന്‍റി20യില്‍ സഞ്ജു ഇന്നലെ 1000 റണ‍്സും തികച്ചു. ഈ നേട്ടം കൈവരിക്കുന്ന 14–ാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു.
സൂര്യകുമാര്‍ യാദവ് ഇക്കുറി സിംഗിള്‍ സ്കോറെടുത്താണ് പുറത്തായത്. എന്നാല്‍ പിന്നാലെയെത്തിയ തിലക് വര്‍മ (42 പന്തില്‍ 73 )യും ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങും ചേര്‍ന്നപ്പോള്‍ ഇന്ത്യ 231 എന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 201 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ട്വന്‍റി20യില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണിത്.