Lucknow: Umpires ahead of the fourth T20 International cricket match of a series between India and South Africa, at Ekana Cricket Stadium in Lucknow, Wednesday, Dec. 17, 2025. The match was called off due to poor visibility caused by dense layer of smog. (PTI Photo/Ravi Choudhary)(PTI12_17_2025_000648B)
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യ– ദക്ഷിണാഫ്രിക്ക നാലാം ട്വന്‍റി 20 ഉപേക്ഷിച്ചതില്‍ വന്‍ ആരാധക രോഷമുണ്ടായിരുന്നു. ലക്നൗവിലെ കാലാവസ്ഥ അറിയാതെയാണോ ബിസിസിഐ മല്‍സരം നടത്താന്‍ നിശ്ചയിച്ചതെന്നായിരുന്നു ഉയര്‍ന്ന ആദ്യ വിമര്‍ശനങ്ങളിലൊന്ന്. മല്‍സരം ഉപേക്ഷിച്ചതിന് പിന്നാലെ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യണമെന്ന ആവശ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സമ്പൂര്‍ണ അധികാരം ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനാണെന്നാണ് ബിസിസിഐ പറയുന്നത്.
'റീ ഫണ്ട് സംബന്ധിച്ച കാര്യങ്ങള്‍ അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. അവരാണ് അക്കാര്യത്തില്‍ മറുപടി പറയേണ്ടത്' എന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയയുടെ മറുപടി. ടിക്കറ്റിന്‍റെ കാര്യത്തില്‍ എല്ലാത്തീരുമാനവും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടേതാണ്. ബിസിസിഐ അവര്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നല്‍കുകയാണ് ചെയ്യാറുള്ളത് എന്നും സാക്കിയ വിശദീകരിച്ചു.
സാധാരണയായി ലക്നൗവില്‍ ഇത്തരം കാലാവസ്ഥ ജനുവരിയിലേ ഉണ്ടാകാറുള്ളൂവെന്നും പക്ഷേ ഇക്കുറി നേരത്തെയാണെന്നും വിമര്‍ശനങ്ങളോട് സാക്കിയ പ്രതികരിച്ചു. ധരംശാലയാണ് ഇതിലും തണുപ്പേറിയ സ്ഥലം. അവിടെ കളി നടത്തിയിട്ട് കുഴപ്പമുണ്ടായില്ലല്ലോ. മൂടല്‍മഞ്ഞും മഴയുമൊന്നും അത്ര കൃത്യമായി നമുക്ക് പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതാവും കാലാവസ്ഥയെന്ന് എന്തെങ്കിലും സൂചനയുണ്ടായിരുന്നുവെങ്കില്‍ കളി ഡല്‍ഹിയിലേക്ക് മാറ്റുമായിരുന്നെന്നും അപ്രതീക്ഷിത സംഭവമാണ് ഉണ്ടായത് എന്നും സാക്കിയ കൂട്ടിച്ചേര്‍ത്തു.
ഒരു പന്തുപോലും എറിയാതെ മല്‍സരം റദ്ദാക്കിയാലോ ഉപേക്ഷിച്ചാലോ ടിക്കറ്റെടുത്തവര്‍ക്ക് നിശ്ചിത ഫീസ് കുറച്ച ശേഷമുള്ള തുക മടക്കി നല്‍കാം എന്നാണ് ബിസിസിഐയുടെ റീ ഫണ്ട് പോളിസി. കനത്ത മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതോടെ ലക്നൗവില്‍ ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല. ഓണ്‍ഫീല്‍ഡ് അംപയര്‍മാരായ അനന്തപദ്മനാഭനും രോഹന്‍ പണ്ഡിറ്റും റിസര്‍വ് അംപയറായ മദനഗോപാലും മല്‍സരം നടത്താന്‍ കഴിയുമോയെന്ന് ദീര്‍ഘനേരം പരിശോധിച്ചു. നീണ്ട വിലയിരുത്തലുകള്‍ക്കൊടുവില്‍ ഒന്‍പതരയോടെ മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ മാസ്ക് വച്ച് ഗ്രൗണ്ടില്‍ നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പുകമഞ്ഞാണ് നിറഞ്ഞിരിക്കുന്നതെന്നും വായുനിലവാരം മോശമാണെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. അഞ്ചുമല്‍സരങ്ങളുടെ പരമ്പരയില്‍ 2–1ന് മുന്നിലാണ് ഇന്ത്യ. അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഇന്ന് അഹമ്മദാബാദില്‍ നടക്കും.