ചരിത്രത്തിലാദ്യമായി ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടിക്കൊടുത്ത നായകന് ഇടമില്ലാതെ ഇറ്റാലിയൻ ടീമിൽ നാടകീയ മാറ്റം. മുൻ ഓസ്‌ട്രേലിയൻ താരം ജോ ബേൺസിനാണ് ഇറ്റലിയുടെ ലോകകപ്പ് ടീമില്‍ ഇടംലഭിക്കാതെ പോയത്. കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് ഇറ്റാലിയൻ ക്രിക്കറ്റ് ഫെഡറേഷനാണ് ബേൺസിനെ ഒഴിവാക്കിയത്.
2020-ൽ ഓസ്‌ട്രേലിയയ്‌ക്കായി അവസാന രാജ്യാന്തര മത്സരം കളിച്ചതിനുശേഷമുള്ള, നിർബന്ധിത കൂളിങ് ഓഫ് കാലാവധി പൂർത്തിയാക്കി, കഴിഞ്ഞ വർഷമാണ് ജോ ബേൺസ് ഇറ്റലിക്കുവേണ്ടി അരങ്ങേറ്റം കുറിച്ചത്. ഈ വർഷം നായകസ്ഥാനത്തേക്ക് എത്തി. യോഗ്യതാ മല്‍സരത്തില്‍ സ്കോട്‍ലന്റിനെ അട്ടിമറിച്ച ഇറ്റലി ജേഴ്സിയെയും തോല്‍പിച്ചു. നെതര്‍ലന്റ്സിനോട് തോറ്റെങ്കിലും മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പ് യോഗ്യത നേടുകയായിരുന്നു. ഓസ്ട്രേലിയക്കായി 23 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ബേൺസ്, മരിച്ചുപോയ സഹോദരൻ ഡൊമിനിക്കിനോടുള്ള ആദരസൂചകമായാണ് ഇറ്റലിക്കുവേണ്ടി കളിക്കുന്നത്.
ഇറ്റലിയില്‍ നിന്നാണ് ബേണ്‍സിന്റെ മുത്തച്ഛനും കുടുംബവും ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. കളിക്കാരൻ എന്ന നിലയിലും നായകൻ എന്ന നിലയിലും ഇറ്റാലിയൻ ക്രിക്കറ്റിന് നൽകിയ സേവനങ്ങൾക്ക് ജോ ബേൺസിന് ഫെഡറേഷൻ നന്ദി പറഞ്ഞു. ഫെബ്രുവരി 9ന് കൊൽക്കത്തയിൽ ബംഗ്ലദേശിനെതിരായണ് ഇറ്റലിയുടെ ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറ്റം. ഗ്രൂപ്പ് സി-യിൽ ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, നേപ്പാൾ എന്നിവർക്കൊപ്പമാണ് ഇറ്റലി.