കനത്ത മൂടല്‍ മഞ്ഞുകാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്‍റി 20 ഒരു പന്ത് പോലും എറിയാതെയാണ് ഉപേക്ഷിച്ചത്. അഞ്ചു തവണ സ്റ്റേഡിയം പരിശോധിച്ച അംപയര്‍മാര്‍ രാത്രി 9.25 നാണ് മത്സരം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ഇത്രയും മോശം സാഹചര്യത്തില്‍ ലഖ്നൗവില്‍ മത്സരം നടത്താനുളള ബിസിസിഐയുടെ തീരുമാനത്തെ സോഷ്യല്‍ മീഡിയ ചോദ്യം ചെയ്തു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാമത്തെ ടി20 മത്സരം ലഖ്‌നൗവിൽ മലിനീകരണം കാരണം വൈകി. ഇത് ചിന്തിക്കാന്‍ സാധിക്കുമോ? ഹര്‍ദിക് പാണ്ഡ്യ ഫേസ് മാസ്ക് ധരിച്ചാണ് മൈതനത്തേക്ക് ഇറങ്ങിയത്. മാരകമായ വിഷവായുവിൽ കളിക്കുന്നത് കളിക്കാർക്ക് വളരെ അപകടകരമാണെന്ന് ഒരാള്‍ എക്സില്‍ കുറിച്ചു. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്നും മത്സരം മാറ്റണമെന്നാണ് കോണ്‍ഗ്രസ് എംപി ആവശ്യപ്പെട്ടത്.
ഉത്തരേന്ത്യയ്ക്ക് പകരം കേരളത്തില്‍ മത്സരം നടത്തണം എന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. 'ഉത്തരേന്ത്യയിലെ കടുത്ത മൂടല്‍മഞ്ഞ് ക്രിക്കറ്റ് മത്സരം നടത്താന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. 411 എന്ന ഉയർന്ന വായുനിലവാര സൂചിക കാരണം ഒരു ക്രിക്കറ്റ് മത്സരം നടത്താൻ കഴിയാത്ത വിധം കാഴ്ച മങ്ങിക്കഴിഞ്ഞു. നിലവിൽ 68 മാത്രം വായുനിലവാര സൂചികയുള്ള തിരുവനന്തപുരത്തായിരുന്നു അവർ ഈ മത്സരം നിശ്ചയിക്കേണ്ടിയിരുന്നത്' എന്നാണ് ശശി തരൂര്‍ എഴുതിയത്. മലിനീകരണത്തിന് അതിര്‍ത്തികളില്ല. ഇത് മൂടല്‍മഞ്ഞല്ല. പുകമഞ്ഞാണ്. ഇന്ന് ഡല്‍ഹിയിലായിരുന്നെങ്കില്‍ നാളെ ലഖ്നൗവില്‍. അടുത്തത് ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ എന്നാണ് മറ്റൊരാള്‍ എഴുതിയത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ട്. ശ്രീലങ്കന്‍ വനിതകളുടെ ഇന്ത്യ പര്യടനത്തിലെ മൂന്നു മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മൂന്നു മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. ആദ്യ രണ്ടു മത്സരങ്ങള്‍ വിശാഖപട്ടണത്താണ് നടക്കുക. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് മത്സരം നടക്കുക.