ആഷസ് അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യദിനം സാങ്കേതികവിദ്യയുടെ പിഴവ് ഇംഗ്ലണ്ടിന് തിരിച്ചടിയാപ്പോള്‍, അലക്സ് ക്യാരിക്ക് ഭാഗ്യമായി.. കന്നി ആഷസ് സെഞ്ചറി കുറിച്ചാണ് ക്യാരി കളംവിട്ടത്. പന്ത് ബാറ്റില്‍ തട്ടിയോ എന്ന് നിശ്ചയിക്കുന്ന സ്നിക്കോ സാങ്കേതിക വിദ്യയുടെ ഓപ്പറേറ്റര്‍ക്കാണ് പിഴവുസംഭവിച്ചത്.
അലക്സ് ക്യാരി 72 റൺസിൽ നിൽക്കെ, ജോഷ് ടങ്ങിന്റെ പന്തിൽ ബാറ്റു വീശിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. ഫീൽഡ് അംപയർ അപ്പീൽ നിരസിച്ചപ്പോൾ ഇംഗ്ലണ്ട് റിവ്യൂ ചെയ്തു. സ്നിക്കോ സാങ്കേതികവിദ്യ പുനഃപരിശോധനയിൽ ഒരു ശബ്ദം രേഖപ്പെടുത്തിയെങ്കിലും, പന്ത് ബാറ്റിനെ മറികടക്കുന്ന സമയവുമായി ഇത് ഒത്തുചേർന്നില്ല. ഇതോടെ, ഓൺഫീൽഡ് അംപയറുടെ തീരുമാനം നിലനിൽക്കുകയായിരുന്നു. BBG സ്പോര്‍ട്സ് പ്രവര്‍ത്തിപ്പിക്കുന്ന സ്നിക്കോ സാങ്കേതികവിദ്യയുടെ ചുമതലയുള്ള ഓപ്പറേറ്റർക്കു സംഭവിച്ച പിഴവാണെന്നാണ് അനുമാനം.
ഓഡിയോ പരിശോധനയ്ക്കായി സ്നിക്കോ ഓപ്പറേറ്റർ തെറ്റായ സ്റ്റംപ് മൈക്ക് ആണ് തിരഞ്ഞെടുത്തതെന്ന നിഗമനത്തിൽ മാത്രമേ എത്താനാകൂ എന്ന് BBG സ്പോർട്സ് വിശദീകരിക്കുന്നു. അപ്പീലിൽനിന്നു രക്ഷപ്പെട്ട അലക്സ് ക്യാരി പിന്നീട് 106 റൺസെടുത്താണ് പുറത്തായത്. ബാറ്റിൽ ഒരു തൂവൽസ്പർശം പോലെ നേരിയൊരു സ്പർശം അനുഭവപ്പെട്ടതായി അഭിമുഖത്തില്‍ ക്യാരി പറഞ്ഞു. ഇത്തരം പിഴവുകൾ ആദ്യമായല്ലെന്നും ഏറെ വേദനിപ്പിക്കുന്നു എന്നുമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതികരണം.