Image Credit: X
ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനെയിൽ നടക്കുന്ന സയിദ് മുഷ്താഖ് അലി ട്രോഫി സൂപ്പർ ലീഗ് മത്സരത്തിനിടെ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് താരം ആശുപത്രിയിലെത്തിയത്. യശ്വസി ജയ്സ്വാളിന് ഗ്യാസ്ട്രോഎൻറൈറ്റിസാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സൂപ്പര്‍ ലീഗില്‍ മുംബൈയും രാജസ്ഥാനും തമ്മിലായിരുന്നു ഇന്നലത്തെ മത്സരം. മുംബൈ താരമായ യശസ്വിക്ക് മത്സരത്തിനിടെ വയറുവേദന ഉണ്ടായി. മത്സര ശേഷം ഗുരുതരമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്രിംപ്രി–ചിന്‍ച്വാധിലെ ആദിത്യ ബിര്‍ള ആശുപത്രിയിലാണ് ജയ്സ്വാളിനെ പ്രവേശിപ്പിച്ചത്.
യശസ്വിയെ അള്‍ട്രസൗണ്ട് സ്കാനിങിന് വിധേയനാക്കിയ താരത്തോട് മരുന്നുകള്‍ തുടരാനും വിശ്രമിക്കാനുമാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. താരത്തിന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ബിസിസിഐ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
രാജസ്ഥാനെതിരായ മത്സരത്തില്‍ 16 പന്തില്‍ 15 റണ്‍സാണ് യശ്വസി നേടിയത്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നായി 48.33 ശരാശരിയില്‍ 145 റണ്‍സ് ജയ്സ്വാള്‍ നേടിയിട്ടുണ്ട്. 168.6 ആണ് സ്ട്രൈക്ക് റേറ്റ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ 78 ശരാശരിയില്‍ 156 റണ്‍സും യശസ്വി നേടിയിരുന്നു.
മത്സരത്തില്‍ മുംബൈ രാജസ്ഥാനെ തോല്‍പ്പിച്ചു. 216 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 18.1 ഓവറില്‍ മറികടന്നു. 22 പന്തില്‍ 73 റണ്‍ഡസ് നേടിയ സര്‍ഫറാസ് ഖാന്‍റെ ഇന്നിങ്സാണ് മുംബൈയ്ക്ക് കരുത്തായത്. രഹാനെ 41 പന്തില്‍ഡ 72 റണ്‍സെടുത്തു.