ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിന മത്സരം ഇന്ത്യ ജയിച്ചത് ആധികാരികമായാണ്. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു വിക്കറ്റ്. മത്സരത്തില്‍ 65 റണ്‍സ് നേടിയ കോലി പരമ്പരയില്‍ 300 ലധികം റണ്‍സ് നേടി പരമ്പരയിലെ താരമായി. മത്സര ശേഷം താരങ്ങളുമായി ആഹ്ലാദം പങ്കിടുമ്പോള്‍ കോലി, പരിശീലകന്‍ ഗൗതം ഗംഭീറിനോട് ഒരു അകലം പാലിച്ചതാണ് സോഷ്യല്‍ മീ‍ഡിയയിലെ പുതിയ ചര്‍ച്ച. 

മത്സരശേഷം എല്ലാ സഹ താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഹസ്തദാനം നല്‍കിയ കോലി ഗൗതം ഗംഭീറിന് അടുത്ത് എത്തുമ്പോള്‍ ആളാകെ മാറുന്നതായാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ചിരിച്ചുകൊണ്ടാണ് കോലി എല്ലാവര്‍ക്കും കൈ കൊടുത്ത് കെട്ടിപിടിക്കുന്നത്. രോഹിത് ശര്‍മയെ ഹഗ്ഗ് ചെയ്ത ശേഷം സപ്പോര്‍ട്ട് സ്റ്റാഫിനൊപ്പം ഗംഭീറാണ് കോലിക്ക് മുന്നിലെത്തിയത്. കൈ കൊടുത്ത ശേഷം കോലി കെട്ടിപിടിത്തതിന് മുതിരാതെ മുന്നോട്ട് പോവുകയാണ്. 

2027 ഏകദിന ലോകകപ്പ് ടീമില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഗംഭീര്‍ കൃത്യമായി ഉത്തരം നല്‍കുന്നില്ല. ഇനിയും രണ്ടു വര്‍ഷമുണ്ടെന്നും അതുകൊണ്ട് കോലിയും രോഹിത്തും ടീമിന്റെ ഭാഗമാകുമോ എന്ന് തീരുമാനിക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് ഗംഭീര്‍ പറയുന്നത്. ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ തുടങ്ങിയ യുവതാരങ്ങളെ ഉയര്‍ത്തി കൊണ്ടുവരുന്നതിനെ പറ്റിയാണ് ഗംഭീര്‍ പറയുന്നത്. 

ഏകദിന ക്രിക്കറ്റിലെ ടീമിന്റെ പ്രധാന മത്സരങ്ങളുടെ ഭാഗമാകുന്നതിനുമുന്‍പ് താരങ്ങള്‍ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരങ്ങളില്‍ ഗെയ്ക്വാദും ജയ്സ്വാളും സെഞ്ചറി നേടിയിരുന്നു. 

ENGLISH SUMMARY:

After India's ODI series victory against South Africa, a video of Virat Kohli's measured interaction with Coach Gautam Gambhir—where he avoided hugging him after greeting others—has sparked widespread discussion on social media. This follows Gambhir's reluctance to confirm Kohli and Rohit Sharma's participation in the 2027 World Cup team, focusing instead on developing young talents like Gaikwad and Jaiswal.