കൂട്ടുകാരി സ്മൃതി മന്ഥനയ്ക്ക് കരുത്തായി കൂടെനിൽക്കാൻ ബിഗ് ബാഷ് ലീഗിൽ നിന്ന് പിന്മാറി ജെമീമ റോഡ്രിഗ്സ്. ബ്രിസ്ബേൻ ഹീറ്റ്സിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ ജമീമ കളിക്കില്ല. നാല് മൽസരങ്ങളാണ് ഇനി ബ്രിസ്ബേൻ ഹീറ്റിന് അവശേഷിക്കുന്നത്.
മന്ദാനയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ഏതാനും ദിവസം മുൻപാണ് ജെമീമ നാട്ടിലെത്തിയത്. ചടങ്ങുകൾക്ക് ശേഷം ബ്രിസ്ബേൻ ഹീറ്റിനായി ബിഗ് ബാഷ് ലീഗിൽ കളിക്കാൻ ഓസ്ട്രേലിയയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു താരം. വിവാഹം മാറ്റിവച്ചതോടെ അവധി നീട്ടിനൽകണമെന്ന ജെമീമയുടെ അഭ്യർഥന ക്ലബ് അംഗീകരിച്ചു. സാഹചര്യം മനസ്സിലാക്കിയ ക്ലബ്ബിനും ആരാധകർക്കും ജെമീമ നന്ദി പറയുകയും ചെയ്തു.
ജെമീമയെ സംബന്ധിച്ച് ഇത് പ്രയാസമേറിയ സമയമാണെന്നും അതിനാലാണ് അവരുടെ അഭ്യർഥന അംഗീകരിച്ചതെന്നും ബ്രിസ്ബേൻ ഹീറ്റ് സിഇഒ ടെറി സ്വെൻസൺ പറഞ്ഞു. സ്മൃതി മന്ഥാനയുടെ കുടുംബത്തിനും ഹീറ്റ് ക്ലബ് പിന്തുണ അറിയിച്ചു. പതിനേഴാം വയസിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയതു മുതൽ സ്മൃതി മന്ഥനയുടെ ഉറ്റസുഹൃത്താണ് ജമീമ.