ആഘോഷമായി നടക്കേണ്ടിയിരുന്ന സ്മൃതി മന്ഥന–പലാഷ് മുച്ചല്‍ വിവാഹം മുടങ്ങിയതിന് പിന്നിലെ അഭ്യൂഹങ്ങള്‍ ശരിവച്ച് വന്‍ വെളിപ്പെടുത്തല്‍. സ്മൃതിയുടെ സുഹൃത്തും നടനും നിര്‍മാതാവുമായ വിദ്യാന്‍ മാനെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് നടത്തിയത്. നവംബര്‍ 23ന് വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടികളില്‍ താന്‍ പങ്കെടുത്തിരുന്നുവെന്ന് പറഞ്ഞാണ് അന്നത്തെ സംഭവം വിദ്യാന്‍ തുറന്ന് പറയുന്നത്. 'കിടക്കയില്‍ മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്കവേയാണ് പലാഷിനെ കയ്യോടെ പിടികൂടിയത്. സ്മൃതിയുടെ സഹതാരങ്ങളും സുഹൃത്തുക്കളുമായ പെണ്‍കുട്ടികള്‍ പലാഷിനെ പൊതിരെ തല്ലി. പലാഷിന്‍റെ കുടുംബമേ തട്ടിപ്പുകാരാണ്. സ്മൃതിയെ വിവാഹം കഴിച്ച് അവന്‍ സാംഗ്ലിയില്‍ കഴിയുമെന്നാണ് ഞാന്‍ കരുതിയത്. നടന്നത് മറ്റൊന്നും'- വിദ്യാന്‍ പറയുന്നു.
Image credit:X/ht
സ്മൃതിയുടെ ബാല്യകാല സുഹൃത്താണ് താനെന്നും സ്മൃതിയുടെ പിതാവാണ് പലാഷിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും വിദ്യാന്‍ കൂട്ടിച്ചേര്‍ത്തു. പലാഷ് തന്‍റെ പണം തട്ടിയെന്ന് ആരോപിച്ച് വിദ്യാന്‍ പൊലീസിനെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം പലാഷിന്‍റെ അമ്മ അമിത മുച്ചലിനെ താന്‍ നേരില്‍ കണ്ടിരുന്നുവെന്നും സിനിമ റിലീസ് ചെയ്യണമെങ്കില്‍ ചെലവ് വര്‍ധിച്ച് ഒന്നരക്കോടിയായിട്ടുണ്ടെന്നും പത്ത് ലക്ഷം കൂടി നല്‍കിയില്ലെങ്കില്‍ പണം തിരികെ നല്‍കില്ലെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാന്‍ പറയുന്നത്. പണം നല്‍കിയില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി തുടര്‍ന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും വിദ്യാന്‍ പറയുന്നു.
പലാഷിനെ ബന്ധപ്പെടാന്‍ പല തവണ താന്‍ ശ്രമിച്ചുവെന്നും ഒരിക്കല്‍ പോലും പലാഷ് പ്രതികരിച്ചില്ലെന്നും വിദ്യാന്‍ കൂട്ടിച്ചേര്‍ത്തു. വിവാഹം ഉപേക്ഷിച്ചതിന് പിന്നാലെ പലാഷിന്‍റെ കുടുംബം തന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തെന്നും വിദ്യാന്‍ ആരോപിക്കുന്നു. സിനിമയിലെ മറ്റ് താരങ്ങള്‍ക്ക് ഇതുവരെയും പണം നല്‍കിയിട്ടില്ലെന്ന് പിന്നീട് അറിഞ്ഞുവെന്നും സംവിധായകര്‍ പറ്റിച്ച വാര്‍ത്തകള്‍ താന്‍ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും വിദ്യാന്‍ പറഞ്ഞു. പലാഷുമായും പലാഷിന്‍റെ കുടുംബവുമായും നടത്തിയ സംഭാഷണങ്ങളുടെ മുഴുവന്‍ വിവരങ്ങളും തന്‍റെ പക്കലുണ്ടെന്നും ഇത് പൊലീസിനും വേണ്ടി വന്നാല്‍ മാധ്യമങ്ങള്‍ക്കും കൈമാറുമെന്നും വിദ്യാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിദ്യാന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പലാഷിന്‍റെ പ്രതികരണം. സമൂഹത്തില്‍ തന്നെ താറടിച്ച് കാണിക്കുന്നതിനായാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പലാഷ് കുറിച്ചു. ' സാംഗ്ലിയില്‍ നിന്നുള്ള വിദ്യാന്‍ മാനെ എന്നൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എനിക്കെതിരായ ആരോപണം വസ്തുതാവിരുദ്ധവും തെറ്റുമാണ്. എന്‍റെ ഇമേജ് തകര്‍ക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഇത് നടത്തിയിരിക്കുന്നത്. സംഭവത്തില്‍ എന്‍റെ അഭിഭാഷകന്‍ ശ്രേയാന്‍ഷ് മിത്രെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും. നിയമവഴിയേ നേരിടാനാണ് തീരുമാനം'- എന്നായിരുന്നു പലാഷിന്‍റെ കുറിപ്പ്.
2025 നവംബര്‍ 23നാണ് പലാഷിന്‍റെയും സ്മൃതിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹച്ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി വാര്‍ത്തകള്‍ പുറത്തുവരികയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ വിവാഹം മാറ്റിവച്ചതായി അറിയിപ്പുമുണ്ടായി. പലാഷ് സ്മൃതി ചതിച്ചതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് അപ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ആരും സ്ഥിരീകരിച്ചിരുന്നില്ല. ഒടുവില്‍ ഡിസംബറില്‍ വിവാഹം ഉപേക്ഷിച്ചുവെന്ന് സ്മൃതി സമൂഹ മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.