വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന് . 73 സ്ലോട്ടുകളിലേക്ക് നടക്കുന്ന താരലേലത്തിനായി 277 പേരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ വൈകുന്നേരം 3.30 മുതലാണ് താരലേലം. ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവാർട്ട്, ഇന്ത്യയുടെ ലോകകപ്പ് ഹീറോ ദീപ്തി ശര്‍മ എന്നീ താരങ്ങള്‍ക്കായാകും ടീമുകളുടെ മല്‍സരം.
ഉയർന്ന അടിസ്ഥാന വിലയായ 50 ലക്ഷം രൂപയുടെ വിഭാഗത്തിൽ 19 താരങ്ങളും 40 ലക്ഷം രൂപയുടെ വിഭാഗത്തിൽ 11 പേരും 30 ലക്ഷം രൂപയുടെ വിഭാഗത്തിൽ 88 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദീപ്തി ശര്‍മ, പേസർ രേണുക സിങ്, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈൻ ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോൺ എന്നിവരുൾപ്പെട്ട എട്ട് താരങ്ങളുടെ മാർക്വി സെറ്റോടെയാകും ലേലത്തിന് തുടക്കമാകുക.
ലേലപ്പട്ടികയിലുള്ള 194 ഇന്ത്യൻ താരങ്ങളിൽ 52 പേർ രാജ്യാന്തര മത്സരങ്ങൾ കളിച്ചവരാണ്. ഓസ്‌ട്രേലിയയുടെ അലിസ ഹീലി, മെഗ് ലാനിങ് എന്നിവരും 50 ലക്ഷം രൂപയുടെ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി 18 കളിക്കാരെ ടീമിൽ ഉൾപ്പെടുത്താം. ഏഴ് വിദേശ താരങ്ങൾ ഉൾപ്പെടെ 17 കളിക്കാരെ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ലേലത്തിനെത്തുമ്പോൾ അഞ്ച് ടീമുകൾക്കുമായി ആകെ 41.1 കോടി രൂപയാണ് ബാക്കിയുള്ളത്.