വനിത പ്രീമിയര്‍ ലീഗ് മെഗാ ലേലത്തില്‍ ഇന്ത്യന്‍ ലോകകപ്പ് വിന്നിങ് ടീമംഗമായ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്ക് റെക്കോര്‍ഡ് തുക. 3.20 കോടി രൂപയ്ക്കാണ് യു.പി വാരിയേഴ്സ് ദീപ്തിയെ സ്വന്തമാക്കിയത്. വുമണ്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന വിലയാണിത്. വ്യാഴാഴ്ചയിലെ ലേലത്തില്‍ അനേലിയ കേറിനെ മുംബൈ ഇന്ത്യന്‍സ് മൂന്നു കോടി രൂപയ്ക്ക് സ്വന്തമാക്കി. ശിഖാ പാണ്ഡെ 2.40 കോടി രൂപ നല്‍കി യുപി വാരിയേഴ്സ് സ്വന്തമാക്കി.
ഗുജറാത്ത് ജയന്‍റ്സിന്‍റെ സോഫി ഡിവൈന് രണ്ടു കോടി രൂപ ലഭിച്ചു. മെഗ് ലാനിങിനെ യു.പി. വാരിയേഴ്‌സ് 1.9 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഫോബ് ലിച്ച്ഫീൽഡ്– 1.2 കോടി രൂപ, ആശ ശോഭന– 1.1 കോടി രൂപ എന്നിവരും യു.പി വാരിയേഴ്സിലെത്തി. ലോറ വോൾവാർഡ്റ്റ് 1.1 കോടി രൂപയ്ക്ക ഡൽഹി ക്യാപിറ്റൽസിലെത്തി. അലിസ്സ ഹീലി, ഹീതർ നൈറ്റ്, ആമി ജോൺസ്, അലാന കിംഗ്, ഹീതർ ഗ്രഹാം, ഉമ ചെട്രി, മരുഫ അക്തർ എന്നിവരെ ഒരു ടീമും പരിഗണിച്ചില്ല.
മലയാളി താരങ്ങളില്‍ ആശ ശോഭനയ്ക്ക് 1.1 കോടി രൂപ ലഭിച്ചു. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് ആശയെ ആദ്യം വിളിച്ചത്. യുപി വാരിയേഴ്സുമായി കനത്ത ലേലം വിളിയില്‍ വില 55 ലക്ഷം വരെ ഉയര്‍ന്നു. ഡൽഹി പിന്മാറിയതോടെ ആശയുടെ മുൻ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും യു.പി ഫ്രാഞ്ചൈസിയും തമ്മിലായി ലേലം. ഒടുവിൽ 1.1 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി.
മറ്റൊരു മലയാളി താരമായ സജന സജീവനെ 75 ലക്ഷം രൂപയ്ക്കു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയപ്പോൾ ആദ്യം ലേലത്തിന് എത്തിയപ്പോൾ ആരും വാങ്ങാതിരുന്ന മിന്നുമണിയെ അവസാനഘട്ടത്തിൽ 40 ലക്ഷത്തിന് ഡൽഹി ക്യാപ്റ്റിൽസ് സ്വന്തമാക്കി.