ദക്ഷിണാഫ്രിക്കയ്ക്കെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് കടുത്ത ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്. ഭാവിയെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ബിസിസിഐ തീരുമാനിക്കട്ടെ എന്നായിരുന്നു ഗംഭീറിന്‍റെ മറുപടി.
ഇന്ത്യന്‍ ക്രിക്കറ്റാണ് വലുത്, ഞാനല്ല. ഇക്കാര്യം ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നായിരുന്നു ഗംഭീറിന്‍റെ വാക്കുകള്‍. ഇംഗ്ലണ്ടില്‍ ചാംപ്യന്‍സ്ട്രോഫി നേടിയതും ഏഷ്യകപ്പ് നേടിയതും എനിക്ക് കീഴിലാണ്. എന്‍റെ കാര്യം ബിസിസിഐ തീരുമാനിക്കും എന്നണ് ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പരമ്പര പരാജയപ്പെട്ടതിന് ഇന്ത്യൻ ടീമിലെ ഓരോ വ്യക്തിയും ഉത്തരവാദിയായിരിക്കണം എന്നും ഗംഭീര്‍ പറഞ്ഞു.
'പഴികൾ എല്ലാവരിലുമുണ്ട്, എന്നിൽ നിന്നാണ് തുടങ്ങുന്നത്' എന്നും ഗംഭീര്‍ വ്യക്തമാക്കി. 'ഇതിലും നന്നായി കളിക്കേണ്ടതുണ്ട്. 95/1 എന്ന നിലയില്‍ നിന്നാണ് 122/7 എന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഒരാളെയും ഒരു പ്രത്യേക ഷോട്ടിനെയും മാത്രം കുറ്റപ്പെടുത്തരുത്. എല്ലാവര്‍ക്കും വീഴ്ചകളുണ്ട്. ഞാൻ ഒരിക്കലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ടില്ല, ഇനിയും അത് ചെയ്യില്ല' എന്നും ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനോടേറ്റ സമ്പൂര്‍ണ പരാജയമടക്കം ഗംഭീറിന് കീഴില്‍ ഇന്ത്യ കളിച്ച 18 ടെസ്റ്റില്‍ പത്തിലും ഇന്ത്യ തോറ്റു. ടീമില്‍ പുതുമുഖങ്ങളെ കൊണ്ടുവന്നിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും റിസള്‍ട്ടില്‍ മാറ്റമില്ല. ഗുവാഹത്തി ടെസ്റ്റില്‍ 408 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സില്‍ 489 റണ്‍സും രണ്ടാമിന്നിങ്സില്‍ 5 വിക്കറ്റിന് 260 റണ്‍സുമെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് രണ്ടിന്നിങ്സിലുമായി 341 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 25 വര്‍ഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ പരമ്പര നേടുന്നത്.