Raipur: India's head coach Gautam Gambhir during a warm-up session before the start of the second T20I cricket match between India and New Zealand, at Shaheed Veer Narayan Singh International Cricket Stadium, in Raipur, Chhattisgarh, Friday, Jan. 23, 2026. (PTI Photo/Karma Bhutia)(PTI01_23_2026_000500A)
ട്വന്‍റി 20 ലോകകപ്പില്‍ മാത്രം ശ്രദ്ധ വയ്ക്കുകയാണ് നിലവില്‍ ചെയ്യേണ്ടതെന്നും മറ്റൊന്നിനെ കുറിച്ചും ചിന്തിക്കേണ്ടെന്നും ഗംഭീറിന് ഉപദേശം. സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിന്നും ഓണ്‍ലൈനുകളിലെ ആളുകളുടെ അഭിപ്രായപ്രകടനങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും മുന്‍ ഇന്ത്യന്‍ താരമായ അജിന്‍ക്യ രഹാനെയാണ് ഗംഭീറിനോട് ആവശ്യപ്പെട്ടത്. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് സമൂഹമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) ഗംഭീര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് രഹാനെ കോച്ചിന് ഉപദേശവുമായി രംഗത്തെത്തിയത്.
ഇന്ത്യ–ന്യൂസീലന്‍ഡ് ട്വന്‍റി 20 പരമ്പരയ്ക്ക് മുന്നോടിയായി ഗംഭീറും കോണ്‍ഗ്രസ് എംപി ശശി തരൂരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ 'പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കുഴപ്പം പിടിച്ച ജോലി ഇന്ത്യയില്‍ ക്രിക്കറ്റ് കോച്ചിന്‍റേതാണെന്ന്' തരൂര്‍ എക്സില്‍ കുറിച്ചു. ഇതിന് ചുവടെയാണ് ഗംഭീര്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. കോച്ചിന് മാത്രമായി അനിയന്ത്രിതമായ അധികാരമില്ലെന്ന് ആളുകള്‍ക്ക് ക്രമേണെ മനസിലാകുമെന്നായിരുന്നു അതിലൊന്നു. ടീം അംഗങ്ങളുമായി താന്‍ നല്ല രീതിയില്‍ അല്ല മുന്നോട്ട് പോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച് താന്‍ ഞെട്ടിയിട്ടുണ്ടെന്നും ഗംഭീര്‍ കുറിച്ചു. ഗംഭീറിന്‍റെ പ്രതികരണം അടുത്ത ചര്‍ച്ചയ്ക്കും തുടക്കമിട്ടു. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്നതാണ് ഇപ്പോള്‍ നല്ലതെന്ന് രഹാനെ കുറിച്ചത്.
'ഗൗതം ഗംഭീര്‍ സമൂഹമാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കണമെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. ആളുകള്‍ തന്നെ കുറിച്ച് എന്ത് പറയുന്നു എന്നതിലോ ചിന്തിക്കുന്നുവെന്നതിലോ കൂടുതല്‍ തല പുകയ്ക്കാന്‍ പോകരുത്. കളിച്ചപ്പോള്‍ മികച്ചരീതിയില്‍ അദ്ദേഹം രാജ്യത്തിനായി കളിച്ചു. ഇപ്പോള്‍ ടീം ഇന്ത്യയെ പരിശീലിപ്പിക്കുന്നു. അത് അങ്ങേയറ്റം ഉത്തരവാദിത്തപ്പെട്ട ജോലിയാണ്'– രഹാനെ ക്രിക്ബസിനോട് പറഞ്ഞു. ടീമില്‍ മാത്രമാകണം ഗംഭീര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ലോകകപ്പ് കഴിയുന്നത് വരെയെങ്കിലും അത് തുടരണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ സമ്പൂര്‍ണ പരാജയം, ദക്ഷിണാഫ്രിക്കയോടും ടെസ്റ്റില്‍ സമ്പൂര്‍ണ പരാജയം, ശ്രീലങ്കയോട് 2024 ലെ ഏകദിന പരമ്പര തോറ്റത്, ന്യൂസീലന്‍ഡിനോട് ഒടുവിലത്തെ ഏകദിന പരമ്പര കൈവിട്ടത് എന്നിവയാണ് കോച്ചെന്ന നിലയിലുള്ള ഗംഭീറിന്‍റെ തീരുമാനങ്ങളെ ആരാധകര്‍ ചോദ്യം ചെയ്യാന്‍ കാരണമായത്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര കൂടി കൈവിട്ടതോടെ ആരാധകര്‍ക്ക് നിലതെറ്റി. സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം നിറഞ്ഞു. ഹോം മല്‍സരങ്ങളില്‍ പോലും ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിയുന്നില്ലെന്നും ഗംഭീറിന്‍റെ അനാവശ്യ പരിഷ്കാരങ്ങള്‍ കളിക്കാരുടെ മനോധൈര്യം കെടുത്തിയെന്നുമായിരുന്നു പ്രധാന വിമര്‍ശനം. ഇതിന് പുറമെ ഇഷ്ടക്കാരെ ടീമില്‍ കയറ്റുന്നതും വിമര്‍ശിക്കപ്പെട്ടു.
ടീമിലെ സീനിയര്‍ താരങ്ങളോട്, പ്രത്യേകിച്ചും കോലിയോടും രോഹിതിനോടും പോലും ഗംഭീര്‍ കൃത്യമായി ആശയവിനിമയം നടത്തുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഇരുവരും ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കളിക്കുന്നത്. താരങ്ങളുടെ ടെസ്റ്റിലെ വിരമിക്കലും ഗംഭീറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. അതേസമയം, ഏകദിനത്തില്‍ മികച്ച ഫോമിലൂടെ രോ–കോ സഖ്യം ഗംഭീറിന്‍റെ അവഗണയ്ക്ക് മറുപടി നല്‍കുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിച്ചു. കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകര്‍പ്പന്‍ ഫോം തുടര്‍ന്നതോടെ ഗംഭീറിനെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ നിര്‍ത്തിപ്പൊരിച്ചു. മാസങ്ങളോളം നീണ്ട പരിഹാസങ്ങളും ട്രോളുകള്‍ക്കുമൊടുവിലാണ് തരൂരിന്‍റെ ട്വീറ്റിന് ചുവടെ ഗംഭീറിന്‍റെ മറുപടിയായി പ്രത്യക്ഷപ്പെട്ടത്. കോച്ച് സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയേ ഉള്ളൂവെന്നും അത് ഒഴിവാക്കണമെന്നും രഹാനെ പറയുന്നു.