India's Ravindra Jadeja during the fifth day of the second Test cricket match between India and South Africa, at ACA Stadium, Barsapara in Guwahati.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലെ കനത്ത തോല്‍വിയോടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഇന്തയ്ക്ക് തിരിച്ചടി. ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു. ഒന്‍പതു മത്സരങ്ങളില്‍ നിന്നായി ഇന്ത്യയ്ക്ക് 52 പോയിന്‍റുണ്ടെങ്കിലും പോയിന്‍റ് ശതമാനത്തിലാണ് ഇന്ത്യ കൂപ്പുകുത്തിയത്. നാലു മത്സരങ്ങളാണ് ഇന്ത്യ വിജയിച്ചത്. നാലെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ഒരെണ്ണം സമനില.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. നാലു മത്സരങ്ങളില്‍ നിന്ന് 36 പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഈ വര്‍ഷമാദ്യം പാക്കിസ്ഥാനോട് മാത്രമാണ് ദക്ഷിണാഫ്രിക്ക തോറ്റത്. നാലില്‍ നാലും വിജയിച്ച ഓസ്ട്രേലിയയാണ് മുന്നില്‍.
ഇന്ത്യയ്ക്ക് മുന്നിലാണ് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമാണ് ശ്രീലങ്കയ്ക്ക്. പാക്കിസ്ഥാന് ഒരു ജയവും ഒരു തോല്‍വിയും. 52 പോയിന്റുണ്ട് എങ്കിലും പോയിന്‍റ് ശതമാന (48.15) ത്തിലാണ് ഇന്ത്യ പിന്നിലായത്.
ഗുവാഹത്തി ടെസ്റ്റില്‍ 408 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സില്‍ 489 റണ്‍സും രണ്ടാമിന്നിങ്സില്‍ 5 വിക്കറ്റിന് 260 റണ്‍സുമെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് രണ്ടിന്നിങ്സിലുമായി 341 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 13 മാസത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ പരമ്പര പൂര്‍ണമായും തോല്‍ക്കുന്നത്. ഗംഭീറിന് കീഴില്‍ ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരുമായി അഞ്ച് ടെസ്റ്റാണ് തോറ്റത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തിലുളള ഏറ്റവും വലിയ തോല്‍വി കൂടിയാണ് ഗുവാഹത്തിയിലേത്.