ഒരിക്കല്‍ തോറ്റുപോയിടത്തേക്ക് സെഞ്ചുറിയുമായി സെനുരന്‍ മുത്തുസാമിയുടെ തിരിച്ചുവരവാണ് ഇന്നലെ ഗുവാഹത്തി ടെസ്റ്റില്‍ കണ്ടത്. ഇന്ത്യയിലെ അരങ്ങേറ്റപരമ്പരയ്ക്ക് പിന്നാലെ ടീമില്‍ ഇടംനഷ്ടമായ മുത്തുസാമിയുടെ കരിയറിലെ തിരിച്ചുവരവിനും പിച്ചൊരുക്കിയത്, പൂര്‍വികരുടെ ജന്‍മനാടാണ്.
2019-ൽ ഇന്ത്യയിലായിരുന്നു സെനുരന്‍ മുത്തുസാമിയുടെ അരങ്ങേറ്റം. രണ്ട് ടെസ്റ്റുകളിൽ നിന്ന് കിട്ടിയത് രണ്ട് വിക്കറ്റ് മാത്രം. പിന്നാലെ ടീമിന് പുറത്തേക്ക്. ഇതോടെ കരിയർ ഏതാണ്ട് അവസാനിച്ചെന്ന് ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ സ്വയം വിധിയെഴുതി. ആറുവര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം വിധി തിരുത്തിക്കുറിച്ച് ദക്ഷിണാഫ്രിക്കയുടെ പെരിയസാമിയായിരിക്കുന്നു മുത്തുസാമി. പാക്കിസ്ഥാനിൽ നടന്ന പരമ്പരയിലെ നിർണായക പ്രകടനത്തോടെ മുത്തുസാമി ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ തന്റെ മികവ് തെളിയിച്ചു. ആദ്യ ടെസ്റ്റിൽ 11 വിക്കറ്റുകളും രണ്ടാം ടെസ്റ്റിൽ പുറത്താകാതെ 89 റൺസും നേടി ഓള്‍റൗണ്ട് പ്രകടനം. ഇന്ത്യയ്‌ക്കെതിരെ ടീം അഞ്ചിന് 201 എന്ന നിലയിൽ പതറുമ്പോൾ ക്രീസിലെത്തി കുറിച്ചത് കളിഗതി മാറ്റിയ സെഞ്ചുറി. സ്പോർട്സ് സയന്റിസ്റ്റ് ഷെറിൽ കാൽഡറുമായി ചേർന്നു പ്രവർത്തിച്ചതാണ് മുത്തുസാമിയുടെ തിരിച്ചുവരവിന് ഊര്‍ജമായത്. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശികളാണ് മുത്തുസാമിയുടെ പൂര്‍വികര്‍. അമ്മയും ബന്ധുക്കളും തമിഴ്നാട് സന്ദർശിച്ചിട്ടുണ്ടെങ്കിലും മുത്തുസ്വാമി ഇതുവരെ അവിടെ പോയിട്ടില്ല.