ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോല്‍വി ഭീതിയില്‍ ഇന്ത്യ. ഒന്നാമിന്നിങ്സില്‍ ഇന്ത്യയെ 201 റണ്‍സിന് പുറത്താക്കിയ സന്ദര്‍ശകര്‍ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിങ്സ് ആരംഭിച്ചു. മൂന്നാംദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ക്ക് ആകെ 314 റണ്‍സ് ലീഡുണ്ട്. രണ്ടാമിന്നിങ്സില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സ് എന്ന നിലയിലാണ്.
വിക്കറ്റ് നഷ്ടമില്ലാതെ 9 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാളും കെ.എല്‍.രാഹുലും നല്ല തുടക്കം നല്‍കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സണ്‍ എല്ലാ പദ്ധതിയും അട്ടിമറിച്ചു. 20 ഓവറില്‍ വെറും 48 റണ്‍സ് മാത്രം വഴങ്ങി ആറുവിക്കറ്റെടുത്ത ജാന്‍സന്‍ ഇന്ത്യന്‍ സ്കോര്‍ 201ല്‍ അവസാനിപ്പിച്ചു. 58 റണ്‍സെടുത്ത ജയ്സ്വാളാണ് ഇന്ത്യയുടെടോപ് സ്കോറര്‍. രണ്ടുവിക്കറ്റിന് 95 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ കൂപ്പുകുത്തിയത്. മധ്യനിര അമ്പേ പരാജയപ്പെട്ടു. ജുറേലും പന്തും ജഡേജയും രണ്ടക്കം കാണാതെ മടങ്ങി. 48 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന്‍റെ പോരാട്ടവീര്യമാണ് സ്കോര്‍ 200 കടത്തിയത്. 19 റണ്‍സെടുത്ത കുല്‍ദീപ് യാദവ് സുന്ദറിന് നല്ല പിന്തുണ നല്‍കി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജാന്‍സന് പുറമേ 3 വിക്കറ്റെടുത്ത സൈമണ്‍ ഹാര്‍മറും തിളങ്ങി.
Guwahati: Indian players walk off the field at the end of the third day's play during the second Test cricket match between India and South Africa, at ACA Stadium, Barsapara in Guwahati, Monday, Nov. 24, 2025. (PTI Photo/Shahbaz Khan)(PTI11_24_2025_000301B)
ഒന്നാമിന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സെടുത്തിരുന്നു. സെനുരന്‍ മുത്തുസ്വാമിയുടെ സെഞ്ചറിയും 93 റണ്‍സെടുത്ത മാര്‍ക്കോ ജാന്‍സന്‍റെ പ്രകടനവുമാണ് ഇതില്‍ മികച്ചുനിന്നത്. വിയാന്‍ മള്‍ഡര്‍ ഒഴികെ എല്ലാ ബാറ്റര്‍മാരും നന്നായി ബാറ്റ് ചെയ്തു. മൂന്നാംദിനം കളിയവസാനിക്കുമ്പോള്‍ 13 റണ്‍സോടെ റ്യാന്‍ റിക്കിള്‍ട്ടണും എയ്‍ഡന്‍ മാര്‍ക്രവുമാണ് ക്രീസില്‍. നാളെ പരമാവധി വേഗത്തില്‍ സ്കോര്‍ ചെയ്ത് ഡിക്ലയര്‍ ചെയ്യാനാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം. പിന്നീടുള്ള സമയം പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും.